Kerala
പ്രസവാനന്തരം ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവം: ഭര്‍ത്താവ് കസ്റ്റഡിയില്‍
സമസ്ത വിലക്കേര്‍പ്പെടുത്തിയ മടവൂര്‍ ഖാഫിലയെന്ന വ്യാജ ആത്മീയ സംഘത്തിലെ നേതാവാണ് സിറാജുദ്ദീന്‍

മലപ്പുറം | ഈസ്റ്റ് കോഡൂരില്‍ പ്രസവത്തിന് ശേഷം കൃത്യമായ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. നാട്ടുകാരുടെ മര്‍ദനമേറ്റ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വ്യാജ ത്വരീഖത്ത് നേതാവായ ആലപ്പുഴ സ്വദേശി സിറാജുദ്ദീനെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ പെരുമ്പാവൂര്‍ സ്വദേശിനിയായ അസ്മ (36)യാണ് ഇവര്‍ വാടക്ക് താമസിച്ചിരുന്ന മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ വെച്ച് അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം മരിച്ചത്. പ്രസവത്തിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നെങ്കിലും അസ്മയെ ആശുപത്രിയിലെത്തിക്കാന്‍ സിറാജുദ്ദീന്‍ തയ്യാറായിരുന്നില്ല. സമസ്ത വിലക്കേര്‍പ്പെടുത്തിയ മടവൂര്‍ ഖാഫിലയെന്ന വ്യാജ ആത്മീയ സംഘത്തിലെ നേതാവാണ് സിറാജുദ്ദീന്‍.
നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചികിത്സ വൈകിപ്പിച്ചതടക്കമുള്ള കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തുമെന്നാണ് സൂചന. മലപ്പുറം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. പ്രസവത്തിന് പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെട്ടാണ് അസ്മ മരിച്ചതെന്നായിരുന്നു ഭര്‍ത്താവ് സിറാജുദ്ദീന്‍ പറഞ്ഞിരുന്നത്.
അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്.ഇതോടെയാണ് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസ് പെരുമ്പാവൂര്‍ പോലീസ് മലപ്പുറം പോലീസിന് കൈമാറിയിരുന്നു.
ശനിയാഴ്ച വൈകിട്ട് ആറിന് പ്രസവം നടന്ന് രാത്രി ഒമ്പതിനാണ് അസ്മ മരിച്ചത്. അതുവരെ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്ന സിറാജുദ്ദീന്‍ നിലവഷളായതോടെ മലപ്പുറത്ത് നിന്ന് പെരുമ്പാവൂരിലേക്ക് ഭാര്യാവീട്ടില്‍ ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.