National
പുഷ്പ 2 ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം
നടന് എതിരെ ചുമത്തിയ മനപൂർവമല്ലാത്ത നരഹത്യ കുറ്റം നിലനിൽക്കുമോ എന്ന സംശയം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്
അല്ലു അർജുനെ ജൂബിലി ഹില്‍സിലെ വസതിയില്‍ നിന്ന് ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ
ഹൈദരാബാദ് | പുഷ്പ 2 റിലീസിനിടെ തിക്കിലു തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നടന് എതിരെ ചുമത്തിയ മനപൂർവമല്ലാത്ത നരഹത്യ കുറ്റം നിലനിൽക്കുമോ എന്ന സംശയം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ ജൂബിലി ഹില്‍സിലെ വസതിയില്‍ വെച്ച് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്ത അല്ലു അർജുനെ നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ കുറ്റം അല്ലു അർജുന് മേൽ മാത്രം നിലനിൽക്കുമോ എന്ന് ഇപ്പോൾ പറാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സൂപ്പർ താരമാണെന്ന് കരുതി പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നടനെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റാനായിരുന്നു പോലീസ് തീരുമാനം.
ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് ദാരുണ സംഭവം നടന്നത്.ദില്‍കുഷ്‌നഗര്‍ സ്വദേശിനി രേവതിയാണ് മരിച്ചത്. മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് അല്ലു അര്‍ജുന്‍ ബുധനാഴ്ച രാത്രി ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി തിയ്യറ്റില്‍ എത്തിയത്. ഇതോടെ നടനെ കാണാനായി ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നതോടെ നടനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം തന്നെ ഞെട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്തതായി നടന്‍ അല്ലു അര്‍ജുന്‍ എക്‌സിലൂടെ പുറത്തുവിട്ട വിഡിയോയില്‍ പറഞ്ഞിരുന്നു. മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നും കുടുംബത്തിന്റെ കൂടെയുണ്ടാകുമെന്നും നടന്‍ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ നടന് എതിരായ കേസ് പിൻവലിക്കുമെന്ന് മരിച്ച സ്ത്രീയുടെ ഭർത്താവ് അറിയിച്ചിരുന്നു. മരണത്തിന് അല്ലു അർജുൻ ഉത്തരവാദിയല്ല എന്ന് അദ്ദേഹം വ്യക്തമാക്കി.