Kerala
യുവതി വീട്ടിനുള്ളില്‍ മരിച്ച സംഭവം: ഒപ്പം താമസിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍
ഹോട്ടല്‍ ജീവനക്കാരനായ പ്രതി തെങ്കാശിയിലേക്ക് കടക്കുകയായിരുന്നു
തിരുവനന്തപുരം | കണിയാപുരത്ത് യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ഒളിവില്‍ പോയ തമിഴ്നാട് സ്വദേശിയായ പ്രതി പിടിയില്‍. യുവതിക്ക് ഒപ്പം താമസിച്ച രങ്ക ദുരൈയെയാണ് മംഗലപുരം പോലീസും ഷാഡോ ടീമും ചേര്‍ന്ന് പിടികൂടിയത്. ഹോട്ടല്‍ ജീവനക്കാരനായ രങ്കന്‍ സംഭവ ശേഷം തെങ്കാശിയിലേക്ക് കടക്കുകയായിരുന്നു.
കണ്ടലില്‍ താമസിച്ചിരുന്ന ഷാനുവിനെ തിങ്കളാഴ്ച വൈകുന്നേരമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ജനുവരി 14നാണ് കണിയാപുരം കരിച്ചാറയില്‍ കണ്ടല്‍ നിയാസ് മന്‍സിലില്‍ വിജി എന്ന ഷാനുവിനെ (33) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
വൈകിട്ട് അഞ്ചര മണിയോടെ സ്‌കൂളില്‍ നിന്നെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഏതാനും നാളുകളായി തമിഴ്നാട് സ്വദേശിയായ രങ്കനോടൊപ്പമായിരുന്നു യുവതിയുടെ താമസം.