Kerala
പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത് അമിത രക്തസ്രാവത്തെ തുടര്‍ന്ന്
കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്

കൊച്ചി | പ്രസവത്തിന് പിന്നാലെ മലപ്പുറത്ത് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് റിപോര്‍ട്ടിലുള്ളത്. മരിച്ച അസ്മക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ല. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തും.
കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ അസ്മ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. അസ്വസ്ഥത പ്രകടമായിട്ടും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ സിറാജുദ്ദീന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരണത്തിന് കീഴടങ്ങി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.