National
റോളര്‍ കോസ്റ്റര്‍ തകർന്ന് പ്രതിശ്രുത വരന്റെ മുന്നില്‍ യുവതിക്ക് ദാരുണാന്ത്യം
യുവതിയെ താങ്ങിയ സ്റ്റാന്‍ഡ് തകര്‍ന്ന് നിലത്തേക്ക് പതിക്കുകയായിരുന്നു

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ റോളര്‍ കോസ്റ്റര്‍ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ഡല്‍ഹി സ്വദേശിനി പ്രിയങ്ക (24)യാണ് പ്രതിശ്രുതവരന്‍ നിഖിലിന്റെ കണ്‍മുന്നില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഫണ്‍ ആന്‍ഡ് ഫുഡ് വാട്ടര്‍പാര്‍ക്കിലെത്തിയതായിരുന്നു ഇരുവരും.
വൈകിട്ട് ആറോടെയാണ് ഇരുവരും റോളര്‍ കോസ്റ്ററില്‍ കയറിയത്. ഏറ്റവും ഉയരത്തിലെത്തിയപ്പോള്‍ പ്രിയങ്കയെ താങ്ങിയിരുന്ന സ്റ്റാന്‍ഡ് തകരുകയും നിലത്തേക്ക് പതിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രിയങ്കയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2023 ജനുവരിയിലായിരുന്നു പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. 2026 ഫെബ്രുവരിയിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. നോയിഡയിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ സെയില്‍സ് മാനേജറായി ജോലി നോക്കുകയായിരുന്നു പ്രിയങ്ക. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി.