kottarakkara murder
വനിതാ ഡോക്ടറുടെ കൊലപാതകം: ഡി ജി പി ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും
ഹൈക്കോടതി ഇന്നും പ്രത്യേക സിറ്റിംഗ് നടത്തും.
കൊച്ചി | കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയിലുള്ള പ്രതി കുത്തിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി ഇന്നും പ്രത്യേക സിറ്റിംഗ് നടത്തും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഇന്ന് രാവിലെ ഓൺലൈൻ വഴി ഹാജരാകുകയും വിശദീകരണം നൽകുകയും ചെയ്യും. ഹൈക്കോടതി നിർദേശപ്രകാരമാണിത്.
സംഭവത്തിൽ പോലീസിനും സർക്കാറിനുമെതിരെ രൂക്ഷ പ്രതികരണമാണ് ഹൈക്കോടതി ഇന്നലെ നടത്തിയത്. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ എന്തിന് പ്രവർത്തിക്കണമെന്നും അടച്ചുപൂട്ടുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചു. അക്രമിയെ നേരിടാൻ പോലീസിന്റെ കൈയിൽ തോക്കില്ലായിരുന്നോ എന്നും സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു.
ആക്രമിക്കുന്ന സമയം പോലീസ് എന്ത് ചെയ്യുകയായിരുന്നു? ആശുപത്രിയിലേക്ക് പ്രതിയെ എത്തിച്ചത് പോലീസാണ്. പോലീസിന് പ്രതികളുടെ പെരുമാറ്റം മനസ്സിലാക്കാൻ കഴിയണം. പരിശീലനം ലഭിച്ച സേനയാണെന്ന് എന്തിന് അവകാശപ്പെടണം? പോലീസിന്റെ പണി പിന്നെയെന്താണെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരുടെ ബഞ്ചാണ് പ്രത്യേക സിറ്റിംഗിൽ വിഷയം പരിഗണിച്ചത്.