Connect with us

National

വനിതാ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്; സ്ത്രീകൾക്ക് എതിരായ അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല: രാഷ്ട്രപതി 

സ്ത്രീകള്‍ക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകള്‍ തടയണം.

Published

|

Last Updated

ന്യൂഡല്‍ഹി | കൊല്‍ക്കത്ത ആര്‍ ജി കാര്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. നിര്‍ഭയക്ക് ശേഷവും സമൂഹത്തിന് ഒന്നാകെ മറവിരോഗം ബാധിക്കുന്നത് ഉചിതമല്ല. ഇത്തരം സംഭവങ്ങള്‍ ഭീതിയുളവാക്കുന്നതാണ്, ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും രാഷ്ട്രപതി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

സ്ത്രീകള്‍ക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകള്‍ തടയണം. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലര്‍ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. പെണ്‍മക്കളേയും സഹോദരിമാരേയും ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് വിധേയരാക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനും അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാസ്സാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് പറഞ്ഞിരുന്നു. അടുത്ത ആഴ്ച നിയമസഭാ സമ്മേളനം വിളിച്ച് 10 ദിവസത്തിനുള്ളില്‍ ബില്‍ പാസാക്കുമെന്നാണ് മമത പറഞ്ഞത്. പാസാക്കുന്ന ബില്‍ ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു

ഓഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍, സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest