Kerala
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; യുവതിക്കെതിരെ കലാപശ്രമത്തിന് കേസ്
കേസെടുത്തത് കൃഷ്ണ ഭക്ത എന്ന നിലയില്‍ ചിത്രങ്ങള്‍ വരച്ച് പ്രചരിപ്പിച്ചിരുന്ന ജസ്നക്കെതിരെ

തൃശൂര്‍ | ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ്. ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ കോഴിക്കോട് സ്വദേശിനി ജസ്ന സലീമിനെതിരെയാണ് ടെമ്പിള്‍ പോലീസ് കേസെടുത്തത്. കൃഷ്ണ ഭക്ത എന്ന നിലയില്‍ ചിത്രങ്ങള്‍ വരച്ച് പ്രചരിപ്പിച്ചിരുന്ന ജസ്ന ഇതേത്തുടര്‍ന്ന് മുസ്ലിംകളില്‍ നിന്ന് എതിര്‍പ്പ് നേരിടുന്നതായി ആരോപിച്ചിരുന്നു.
ക്ഷേത്രത്തിലെ കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നാണ് ജസ്നക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതി. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജസ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് കേസെടുത്തത്. നേരത്തേ ജസ്ന ക്ഷേത്ര പരിസരത്തുവെച്ച് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റ് ഭക്തരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും വിവാദമായിരുന്നു.