Kerala
മൂക്കില്‍ ശസ്ത്രക്രിയ ചെയ്തപ്പോള്‍ കണ്ണിന്റെ കാഴ്ച നഷ്ടമായി; പരാതിയുമായി യുവതി
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ നിന്ന് ശസ്ത്രക്രിയ ചെയ്ത യുവതിയാണ് മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിയ്ക്കും പരാതി നല്‍കിയത്.

കണ്ണൂര്‍| മൂക്കിലെ ദശമാറ്റുന്നതിനായി ശസ്ത്രക്രിയ നടത്തിയ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ നിന്നാണ് അഞ്ചരക്കണ്ടി മായമങ്കണ്ടി സ്വദേശി രസ്‌ന(30) ശസ്ത്രക്രിയ ചെയ്തത്. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിയ്ക്കും യുവതി പരാതി നല്‍കി. മൂക്കിലെ ദശവളര്‍ച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോള്‍ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നാണ് യുവതിയുടെ പരാതി. കണ്ണൂര്‍ സര്‍വകലാശാല താവക്കര കാമ്പസിലെ അക്ഷയ കേന്ദ്രത്തില്‍ ജീവനക്കാരിയായിരുന്നു രസ്‌ന.
ഒക്ടോബര്‍ 24നായിരുന്നു യുവതിയുടെ ശസ്ത്രക്രിയ നടന്നത്. മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയായിരുന്നു. ശേഷം കണ്ണ് തുറന്നപ്പോഴാണ് കാഴ്ച നഷ്ടമായ കാര്യം മനസിലായതെന്ന് യുവതിയുടെ ഭര്‍ത്താവും സഹോദരനും പറഞ്ഞു. അപ്പോള്‍ തന്നെ യുവതി ഇക്കാര്യം ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. നീര്‍ക്കെട്ട് കൊണ്ടാണെന്നും രണ്ടു ദിവസത്തിനുശേഷം ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
പിന്നീട് വലതുകണ്ണിന് ചുറ്റും ചുവപ്പ് കണ്ടപ്പോള്‍ നേത്രരോഗ വിദഗ്ധരെ കാണാന്‍ ഡോക്ടമാര്‍ നിര്‍ദേശിച്ചുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. തുടര്‍ന്ന് നേത്ര രോഗ വിദഗ്ധനാണ് കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാ സമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസപ്പെട്ടെന്ന കാര്യം വ്യക്തമാക്കുന്നത്. ഉടനെ ചികിത്സ നേടണമെന്നും നിര്‍ദേശിച്ചിരുന്നു. ചികിത്സയ്ക്കായി വീണ്ടും മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ രക്തം കട്ട പിടിച്ചത് അലിയിക്കാന്‍ കുത്തിവെപ്പെടുത്തു. രണ്ടാഴ്ച കൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നും പറഞ്ഞു.
മാറ്റമൊന്നും ഇല്ലാതെ വന്നതോടെയാണ് രസ്‌നയെ കോയമ്പത്തൂരിലുള്ള അരവിന്ദ് കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തി. അപ്പോഴാണ് വലത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്. കണ്ണ് ചികിത്സിച്ച് പഴയ രൂപത്തിലാക്കാന്‍ സാധിക്കില്ലെന്നും വലത് മൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലന ശേഷി നഷ്ടപ്പെട്ടെന്നും കണ്ടെത്തി. കാഴ്ച നഷ്ടമായതോടെ യുവതിയ്ക്ക് ജോലി ചെയ്യാനാകാത്ത സാഹചര്യമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കുടുംബം അറിയിച്ചു.