Connect with us

Kerala

മാനന്തവാടിയില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം; കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്

ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യും. ധനസഹായം ഉള്‍പ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നല്‍കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍.

Published

|

Last Updated

മാനന്തവാടി| വയനാട് മാനന്തവാടിയില്‍ സത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ്. കടുവയെ വെടിവെക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാന്‍ ഉത്തരവ് നല്‍കിയെന്നും വനംനകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യും. ധനസഹായം ഉള്‍പ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നല്‍കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും  വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ഇന്ന് രാവിലെ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവമുണ്ടായത്. ആദിവാസി വിഭാഗത്തിലെ രാധ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.

പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. വയനാട് വൈല്‍ഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. സ്ഥലത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

 

 

 

Latest