Kerala
പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം; നാട്ടുകാര്‍ പ്രതിഷേധം അവസാനിച്ചു
പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി

മാനന്തവാടി | പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അവസാനിച്ചു. കടുവയെ പിടികൂടിയാല്‍ വനത്തില്‍ തുറന്നുവിടില്ല, മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റും,പിടികൂടാന്‍ സാധിക്കാത്ത പക്ഷം മയക്കുവെടി വെച്ച് പിടികൂടുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യുമെന്ന ഉറപ്പ്,സ്റ്റേറ്റ് തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷാ ഉറപ്പാക്കും തുടങ്ങി നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി സിസിഎഫ് കെ.എസ് ദീപ, എ ഡി എം ദേവകി കെ , ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ ജനപ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
ഇതിനിടെ പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തേയിലത്തോട്ടത്തില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. കടുവയുടെ സാനിധ്യം വീണ്ടും സ്ഥിരീകരിച്ചതിനാല്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.