Kerala
ശസ്ത്രക്രിയക്കിടെ മറന്നുവെച്ച കത്രികയുമായി യുവതി ജീവിച്ചത് അഞ്ച് വര്‍ഷം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സംഭവിച്ചത് ഗുരുതര വീഴ്ച
2017 നവംബര്‍ മാസത്തിലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്
കോഴിക്കോട് | ശസ്ത്രക്രിയക്കിടെ വയറ്റില്‍ മറന്നുവെച്ച കത്രികയുമായി യുവതി ദുരിത ജീവിതം നയിച്ചത് അഞ്ച് വര്‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന(30)യാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയെ തുടര്‍ന്ന് കടുത്ത ശാരീരിക പ്രശ്‌നങ്ങളുമായി ഇത്രകാലം തുടരേണ്ടി വന്നത്.ശസ്ത്രക്രിയ ഉപകരണങ്ങള്‍ എടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും സംഭവിച്ച കണക്കെടുപ്പിലെ പിഴവാണ് ഇത്തരമൊരു വീഴ്ചക്ക് കാരണമെന്നാണ് അറിയുന്നത്.
2017 നവംബര്‍ മാസത്തിലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. അതിന് ശേഷം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ ഒട്ടനവധി ആശുപത്രികള്‍ യുവതി കയറിയിറങ്ങി. .അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ സിടി സ്‌കാനിംഗിലാണ് ശരീരത്തില്‍ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത് 11 സെന്റീമിറ്റര്‍ നീളമുള്ള കത്രികയാണ്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണം.