Kerala
ആശുപത്രിയില്‍ സഹായിക്കാനെത്തിയ സ്ത്രീ വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു
ഞെക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിയ ഒറ്റൂര്‍ മൂഴിയില്‍ സ്വദേശിയായ സുലോചനയുടെ ഒരു പവന്‍ തൂക്കമുള്ള മാലയാണ് കവര്‍ന്നത്.

തിരുവനന്തപുരം | ആശുപത്രിയില്‍ സഹായിയായെത്തിയ സ്ത്രീ വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു. ഞെക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിയ ഒറ്റൂര്‍ മൂഴിയില്‍ സ്വദേശിയായ സുലോചനയുടെ ഒരു പവന്‍ തൂക്കമുള്ള മാലയാണ് കവര്‍ന്നത്.
ഇന്ന് രാവിലെ ചികിത്സക്കെത്തിയ സുലോചന ഒ പി ടിക്കറ്റ് എടുക്കുന്ന സ്ഥലത്തെ തിരക്കിനിടെ നടക്കാന്‍ ബുദ്ധിമുട്ടി നില്‍ക്കുകയായിരുന്നു. അപ്പോള്‍ അടുത്തുവന്ന സ്ത്രീ തന്നെ ഡോക്റ്ററുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞു. നടക്കാന്‍ പ്രയാസമുള്ളതിനാല്‍ ആ സ്ത്രീയുടെ ചുമലില്‍ കൈവച്ചാണ് അവര്‍ നടന്നത്. ലാബിനടുത്ത് എത്തിയപ്പോള്‍ ഇനി താന്‍ ഒറ്റക്കു പോയ്‌ക്കോളാമെന്നു പറഞ്ഞപ്പോള്‍ സഹായിക്കാന്‍ വന്ന സ്്ത്രീ തിരികെ പോയി.
പോകുന്നതിന് മുമ്പുവരെ കഴുത്തില്‍ കൈ വച്ച് നിന്നാണ് സംസാരിച്ചത്. അവര്‍ പോയതിന് തൊട്ടുപിന്നാലെ കഴുത്തില്‍ മാല നോക്കിയെങ്കിലും കണ്ടില്ല. ഇതോടെ അവിടെ ഉണ്ടായിരുന്നവരും ജീവനക്കാരും ആശുപത്രി പരിസരത്ത് സ്ത്രീയെ തിരഞ്ഞെങ്കിലും കാണാനായില്ല. ആശുപത്രി അധികാരികള്‍ക്കും കല്ലമ്പലം പോലീസിലും സുലോചന പരാതി നല്‍കി.