Kerala
84 കാരിയുടെ തലയില്‍ മുണ്ടിട്ടു മൂടി മാല കവര്‍ന്ന സ്ത്രീ അരമണിക്കൂറിനുള്ളില്‍ പിടിയില്‍
പത്തനംതിട്ട ചന്ദനപള്ളി സ്വദേശി 84കാരി മറിയാമ്മ സേവിയറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ മുന്‍ ജോലിക്കാരി ഉഷയാണ് കൃത്യം നടത്തിയത്

പത്തനംതിട്ട | തലയില്‍ തുണിയിട്ട് മൂടിയ ശേഷം വയോധികയുടെ മാല കവര്‍ന്ന പ്രതി പിടിയില്‍. പത്തനംതിട്ട ചന്ദനപള്ളി സ്വദേശി 84കാരി മറിയാമ്മ സേവിയറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ മുന്‍ ജോലിക്കാരി ഉഷയാണ് കൃത്യം നടന്ന് അരമണിക്കൂറിനുള്ളില്‍ പിടിയിലായത്. ബന്ധുക്കളായ അയല്‍വാസികള്‍ നല്‍കിയ സൂചന പ്രകാരമാണ് ഇടത്തിട്ട സ്വദേശി ഉഷയെ കൊടുമണ്‍ പോലീസ് പിടികൂടിയത്.
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വീട്ടില്‍ സ്ഥിരം വരുന്ന ജോലിക്കാരിയെന്ന് കരുതിയാണ് മറിയാമ്മ വാതില്‍ തുറന്നത്. പിന്നാലെ അകത്തേക്ക് ചാടിക്കടന്ന സ്ത്രീ തുണിയുപയോഗിച്ച് മറിയാമ്മയുടെ മുഖം മൂടിയതിന് പിന്നാലെ മാല കവര്‍ന്ന് കടന്ന് കളയുകയായിരുന്നു. ആരാണ് മാല കവര്‍ന്നതെന്ന് മറിയാമ്മക്ക് വ്യക്തമായിരുന്നില്ല.
ഉഷ വീട്ടില്‍ നിന്ന് നടന്ന് പോകുന്നത് മറിയാമ്മയുടെ ബന്ധു അവരുടെ വീട്ടിലിരുന്നു കണ്ടിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. സൂചന ലഭിച്ചതോടെ പോലീസ് ഉഷയുടെ വീട്ടിലെത്തി. മറിയാമ്മയുടെ മൂന്നരപവന്റെ മാല ഉഷയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.