football
വനിതാ ഏഷ്യാ കപ്പിന് ഇന്ന് തുടക്കം
ഉദ്ഘാടന മത്സരം 3.30ന്; വൈകിട്ട് 7.30ന് ഇന്ത്യ ഇറാനെ നേരിടും
മുംബൈ | വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ത്യ വേദിയാകുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് എയിലാണ് അതിഥേയർ ഇടം പിടിച്ചിരിക്കുന്നത്. മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30ന് ഇറാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഹോം ഗ്രൗണ്ട് ആനുകൂല്യം ഇന്ത്യക്കുണ്ടെങ്കിലും കരുത്തരായ എതിരാളികളാണ് ഇറാൻ. മുമ്പ് മൂന്ന് തവണ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ രണ്ട് മത്സരങ്ങളിൽ ഇന്ത്യയും ഒരു മത്സരത്തിൽ ഇറാനുമാണ് വിജയിച്ചത്.
നിലവിലെ ഫിഫ റാങ്കിംഗിൽ ഇന്ത്യ 55ാം സ്ഥാനത്തും ഇറാൻ 70ാം സ്ഥാനത്തുമാണ്. അതിനാൽ തന്നെ മത്സരത്തിൽ മേൽക്കൈ ഇന്ത്യക്ക് തന്നെയാണ്. ഹോം ഗ്രൗണ്ട് അനുകൂല്യം കൂടി മുതലാക്കാനായാൽ ഏഷ്യാ കപ്പ് വിജയത്തോടെ കിക്കോഫ് ചെയ്യാൻ ഇന്ത്യക്ക് സാധിക്കും.
പരുക്കേറ്റ സൂപ്പർ താരം ബാല ദേവി ഇല്ലെങ്കിലും തകർപ്പൻ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ക്യാപ്റ്റൻ ആശാലതാ ദേവി, ഗോളി അതിഥി ചൗഹാൻ, ഡംഗ്്മെയ് ഗ്രെയിസ്, മനീഷാ കല്യാൺ, ഡാലിമ ചിബർ, അഞ്ജു തമാംഗ്, ഇന്ദുമതി കതിരേശൻ, കമലാ ദേവി തുടങ്ങിയ മിന്നും താരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. സ്വീഡിഷ് പരിശീലകൻ തോമസ് ഡെന്നെർബിയാണ് ഇന്ത്യൻ ടീമിനെ ഒരുക്കുന്നത്.
ഉദ്ഘാടന മത്സരം 3.30ന്
ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന ഏഷ്യാ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ചൈന ചൈനീസ് തായ്പെയുമായി ഏറ്റുമുട്ടും.
മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂർണമെന്റിൽ കളിക്കുക. ഇതിൽ ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് ക്വാർട്ടർ ഫൈനൽ കളിക്കും. രണ്ട് മികച്ച മൂന്നാം സ്ഥാനക്കാരും ക്വാർട്ടറിൽ ഇടം നേടും.
ഗ്രൂപ്പ് എ: ഇന്ത്യ, ചൈന, ഇറാൻ, ചൈനീസ് തായ്പെയ്. ഗ്രൂപ്പ് ബി: ആസ്്ത്രേലിയ, ഇന്തോനേഷ്യ, തായ്‌ലാൻഡ്, ഫിലിപ്പൈൻസ്. ഗ്രൂപ്പ് സി: ജപ്പാൻ, സൗത്ത് കൊറിയ, മ്യാൻമർ, വിയറ്റ്‌നാം