Kerala
പോഷ് ലോക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം കലക്ടര്‍മാര്‍ ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷൻ
വിവാഹേതര ബന്ധങ്ങള്‍ മൂലം കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കൂടി

കോഴിക്കോട് | പോഷ് നിയമം അനുസരിച്ച് പത്തില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന ലോക്കല്‍ കമ്മിറ്റികള്‍ (എല്‍ സി) നിയമാനുസൃതമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു എന്ന് ജില്ലാ കലക്്ടര്‍മാര്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ജില്ലാതല സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
പത്തില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോക്കല്‍ കമ്മിറ്റി രൂപവത്കരിക്കുന്നത്. ഇതിനെക്കുറിച്ച് തൊഴില്‍ദാതാവിനും ജീവനക്കാര്‍ക്കും കൃത്യമായ ധാരണ ഉണ്ടാകണം. ലോക്കല്‍ കമ്മിറ്റികള്‍ പേരിന് രൂപവത്കരിച്ചാല്‍ മാത്രം പോര, അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് കലക്്ടര്‍മാര്‍ ഉറപ്പാക്കണം. വിവാഹേതര ബന്ധങ്ങള്‍ മൂലം കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളുമായി കമ്മീഷനെ സമീപിക്കുന്ന കേസുകള്‍ കൂടുകയാണ്. ഇതുകാരണം സംഘര്‍ഷത്തിലാകുന്നത് കുട്ടികളാണ്. ആരോഗ്യകരമായ ആണ്‍- പെണ്‍ ബന്ധത്തെക്കുറിച്ച് വിവാഹത്തിന് മുന്പ് തന്നെ ബോധവത്കരണ ക്ലാസ്സുകള്‍ നല്‍കേണ്ടതുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി.
സമുദായ സംഘടനയുടെ ഇടപെടലിന്റെ ഭാഗമായി കുടുംബപ്രശ്‌നമുണ്ടായ സംഭവം കമ്മീഷന്റെ മുമ്പാകെ വന്നതായി പി സതീദേവി പറഞ്ഞു. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ചത് കാരണം കുടുംബക്ഷേത്രത്തില്‍ വിലക്ക്, കുടുംബത്തിലെ ചടങ്ങുകള്‍ക്ക് വിലക്ക് എന്നിങ്ങനെയാണ് പരാതി. കേട്ടുകേള്‍വിയില്ലാത്ത വിധം “കുടുംബസമിതി’ ഉണ്ടാക്കി പരാതിക്കാരിയെ ഒറ്റപ്പെടുത്തുകയാണെന്നും സതീദേവി പറഞ്ഞു.
ഇന്നലെ നടന്ന സിറ്റിംഗില്‍ 61 കേസുകള്‍ പരിഗണിച്ചതില്‍ 13 എണ്ണം തീര്‍പ്പാക്കി. നാലെണ്ണത്തില്‍ പോലീസ് റിപോർട്ട് തേടി. ഒന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പരിഗണനക്ക് വിട്ടു. 43 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
വനിതാ കമ്മീഷന്‍ അംഗം അഡ്വ പി കുഞ്ഞാഇശ, ഡയറക്്ടര്‍ ഷാജി സുഗുണന്‍, അഡ്വക്കറ്റുമാരായ സീനത്ത്, ജമിനി, കൗണ്‍സിലര്‍മാരായ സബിന, അവിന, സുനിഷ പങ്കെടുത്തു.