Connect with us

National

ചെന്നൈ ആര്‍ട്സ് അക്കാദമിയില്‍ 90 ലൈംഗികാതിക്രമ പരാതികളെന്ന് വനിതാ കമ്മീഷന്‍

കലാക്ഷേത്രയില്‍ വര്‍ഷങ്ങളായി ലൈംഗികാതിക്രമം, ബോഡി ഷെയ്മിംഗ്, നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം എന്നിവ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

Published

|

Last Updated

ചെന്നൈ| ചൈന്നൈയിലെ കലാക്ഷേത്രയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ദുരൂപയോഗം ചെയ്‌തെന്ന് ആരോപിച്ച് തൊണ്ണൂറ് പരാതികള്‍ ലഭിച്ചതായി സംസ്ഥാന വനിതാ കമ്മീഷന്‍. ഒരു ഫാക്കല്‍റ്റി അംഗവും മൂന്ന് ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും വനിതാ കമ്മീഷന്‍ എആര്‍ കുമാരി പറഞ്ഞു. പരാതികളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടുന്നു. അവര്‍ക്ക് തുറന്നുപറയാനുള്ള ആത്മവിശ്വാസം നല്‍കിയെന്നും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കുമാരി കൂട്ടിചേര്‍ത്തു.

സ്ഥാപനം നടത്തുന്ന കലാക്ഷേത്ര ഫൗണ്ടേഷന്‍ നേരത്തെ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ദേശീയ വനിതാ കമ്മീഷനും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തള്ളിയിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ കലാക്ഷേത്രയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കരുതുന്നില്ലെന്നും വ്യക്തികളെ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കുമാരി വ്യക്തമാക്കി.

കലാക്ഷേത്രയില്‍ വര്‍ഷങ്ങളായി ലൈംഗികാതിക്രമം, ബോഡി ഷെയ്മിംഗ്, നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം എന്നിവ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പരാതികളോട് ഭരണകൂടം പ്രതികരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഡയറക്ടര്‍ രേവതി രാമചന്ദ്രനെ നീക്കണമെന്നും ആഭ്യന്തര പരാതി സമിതി പുനഃസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡിക്കും മുഖ്യമന്ത്രി എംകെ സ്റ്റാലിനും അവര്‍ കത്തയച്ചിട്ടുണ്ട്.