Kerala
അതിജീവിതകള്‍ക്ക് ആവശ്യമായ പരിരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടതെന്ന് വനിതാ കമ്മീഷന്‍
ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ വിശദമായ റിപോര്‍ട്ട് പോലീസിനോട് ആവശ്യപ്പെടും
കൊച്ചി | പോക്സോ കേസ് അതിജീവിതകള്‍ക്ക് ആവശ്യമായ പരിരക്ഷ കൊടുക്കാനുള്ള സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടതെന്ന് ഓര്‍മിപ്പിക്കുന്നതാണ് ചോറ്റാനിക്കരയില്‍ സുഹൃത്തിന്റെ അതിക്രരൂര മര്‍ദനത്തില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ച സംഭവമെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. അങ്ങേയറ്റം ദുഃഖകരമായ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണ് ചോറ്റാനിക്കരയിലേത്. ഇരയായ പെണ്‍കുട്ടിക്ക് നേരെ വീണ്ടും അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മതിയായ പരിരക്ഷ കൊടുക്കാന്‍ എത്രത്തോളം കഴിഞ്ഞിട്ടുണ്ട് എന്നുള്ള പരിശോധനകൂടി ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
പോലീസിനോട് വിഷയത്തില്‍ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടും. പോക്സോ കേസ് അതിജീവിതയാണെങ്കിലും ഇപ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്. ഒരു സ്ത്രീക്ക് നേരെ നടന്നിട്ടുള്ള ക്രൂരമായ അതിക്രമം തന്നെയാണിത്. ഏതെങ്കിലും കാര്യത്തില്‍ വീഴ്ചയുണ്ടോ എന്നതുമായി ബന്ധപ്പെട്ട് പോലീസിനോട് റിപോര്‍ട്ട് തേടും. കേസിലെ കുറ്റവാളിക്കെതിരായി ഈ തരത്തിലുള്ള പരാതികള്‍ പോലീസിന് മുമ്പാകെ വന്നിട്ടുണ്ടെങ്കില്‍ ആവശ്യമായ പരിരക്ഷ ഉറപ്പ് വരുത്താനുള്ള സംവിധാനം വേണ്ടതാണ്. അതിലെന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നകാര്യത്തില്‍ വനിതാ കമ്മീഷന്‍ റിപോര്‍ട്ട് തേടും.
മര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന 19കാരി കടവന്ത്ര മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നാണ് മരണപ്പെട്ടത്. കഴിഞ്ഞ ആറ് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.