Connect with us

Kerala

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് വനിതാ കമ്മീഷന്‍

ഇപ്പോഴും നിയമ സഹായത്തിന് തയ്യാറാണെന്നും കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയില്‍ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. പന്തീരാങ്കാവ് സ്വദേശി കെ കെ ഹര്‍ഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമാണെന്നും നഷ്ടപരിഹാരം തേടി പരാതി നല്‍കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നുവെന്നും പി സതീദേവി പറഞ്ഞു.

പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് കേള്‍ക്കാതെ രാഷ്ട്രീയ പ്രേരിത സമരത്തിന് യുവതി പോയെന്നും വനിതാ കമ്മീഷന്‍ ആരോപിച്ചു. ഇപ്പോഴും നിയമ സഹായത്തിന് തയ്യാറാണെന്നും പി സതീദേവി വ്യക്തമാക്കി.

2017ല്‍ ആണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുടുങ്ങിയ കത്രിക അഞ്ച് വര്‍ഷമാണ് ഹര്‍ഷിന്ക്ക് വയറ്റില്‍ ചുമക്കേണ്ടിവന്നത്.
വേദന മാറാന്‍ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് 2022 സെപ്തംബര്‍ 13ന് സ്വകാര്യ ആശുപത്രിയിലെ സി ടി സ്‌കാനിംഗിലാണ് കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
പിന്നീട് മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.

കേസ് അന്വേഷിച്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും നീതി ലഭിക്കുന്നത് വൈകിയതോടെ സെക്രട്ടേറിയറ്റിന് മുമ്പില്‍ ഹര്‍ഷിന സമരം നടത്തുകയായിരുന്നു.

ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സൗപര്‍ണികയില്‍ ഡോ. സി കെ രമേശന്‍ (42), മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം ഷഹന (32), സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയില്‍ കെ ജി മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍.