Connect with us

National

വനിതാ ദിനം; ഗുജറാത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിക്ക് സുരക്ഷാ വലയമൊരുക്കാന്‍ വനിതാ പോലീസ് സംഘം

പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ ഹാന്‍ഡിലും ഇന്ന് കൈകാര്യം ചെയ്യുന്നത് തിരഞ്ഞെടുക്കപ്പെട്ട വനിതകളായിരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഗുജറാത്തിലെ നവസാരിയില്‍ ലഖ്പതി ദീദി സമ്മേളനത്തില്‍ പങ്കെടുക്കുന്ന നരേന്ദ്ര മോദിക്ക് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നത് വനിതാ പോലീസ് സംഘം. 2300 വനിത ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 87 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 61 പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 16 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാര്‍, അഞ്ച് എസ്പിമാര്‍, ഒരു ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ഒരു അഡീഷണല്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരായിരിക്കും സുരക്ഷ ഒരുക്കുക.

ആദ്യമായാണ് രാജ്യത്ത് ഒരു പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതല പൂര്‍ണമായും വനിതാ പോലീസിനെ ഏല്‍പ്പിക്കുന്നതെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘ്വവി പറഞ്ഞു.
വാന്‍സി ബോര്‍സി ഗ്രാമത്തിലെ ഹെലിപാഡില്‍ പ്രധാനമന്ത്രി എത്തുന്നതു മുതല്‍ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പോലീസ് മാത്രമായിരിക്കും കൈകാര്യം ചെയ്യുക.

പരിപാടിയില്‍ വനിത സംരംഭ ഗ്രൂപ്പുകള്‍ക്കുള്ള 450 കോടിയുടെ ധനസഹായം മോദി പ്രഖ്യാപിക്കും. ശേഷം തിരഞ്ഞെടുക്കപ്പെട്ട 10 വനിത സംരംഭകരുമായി മോദി സംവദിക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ ഹാന്‍ഡിലും ഇന്ന് കൈകാര്യം ചെയ്യുന്നത് തിരഞ്ഞെടുക്കപ്പെട്ട വനിതകളായിരിക്കും.