Connect with us

Saudi Arabia

വനിതാ ശാക്തീകരണം - ലോകം ഇസ്ലാമിലേക്ക് തിരികെ നടക്കുന്നു: സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി

Published

|

Last Updated

റിയാദ് | പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പേ ഇസ്ലാം മുന്നോട്ട് വെച്ച ആശയങ്ങളും നിലപാടുകളുമാണ് സ്ത്രീസ്വാതന്ത്യമെന്ന പേരിൽ ലോകം മുന്നോട്ട് വെക്കുന്നതെന്ന് സയ്യിദ് ഇബാറഹീമുൽ ഖലീൽ അൽ ബുഖാരി. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് സെൻട്രൽ കമ്മറ്റിയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ.

കുടുംബം, കുഞ്ഞുങ്ങൾ, ജനനനിരക്ക് എന്നിവയിൽ ഇസ് ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിലേക്ക് ലോകം വരുന്നുവെന്നതിൻ്റെ തെളിവാണ് ചൈനയുടെ നയം മാറ്റം. ചൈന ഇപ്പോൾ ജനനനിരക്ക് വർദ്ധിപ്പിക്കാൻ പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
അവിടെ നിലവിലുണ്ടായിരുന്ന കർക്കശമായ ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ കാരണം പ്രസവിക്കുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു. പ്രായമാകുന്ന ജനവിഭാഗത്തിന് ആനുപാതികമായി ചെറുപ്പക്കാര്‍ ഇല്ലാതാകുന്നതു മൂലം തൊഴിലിടങ്ങളിലെ മനുഷ്യ വിഭവ ശേഷി കുറഞ്ഞു. ഇതുവഴി രാജ്യത്തിന്റെ സമ്പദ്ഘടന തകിടം മറിയുമെന്ന തിരിച്ചറിവാണ് ചൈനയെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ അഭിപ്രായപ്പെട്ടു.

തുല്യാവകാശത്തിന്റെയും നിയമപരിരക്ഷയുടെയും പേരു പറഞ്ഞു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ഉന്നയിക്കുന്ന സ്‌ത്രീപക്ഷ വാദം കാപട്യമാണ്. വീടിന്റെ ആഭ്യന്തര ചുമതലകൾ വഹിക്കുന്ന സ്ത്രീകൾക്ക് ഇസ്ലാം ഉന്നത സ്ഥാനമാണ് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ വിദേശകാര്യ വകുപ്പ് മന്ത്രിയെക്കാൾ അധികാരവും അംഗീകാരവും ലഭിക്കുന്നത് ആഭ്യന്തര മന്ത്രിക്കാണെന്നത് പോലെ സ്ത്രീകൾക്ക് വലിയ ദൗത്യങ്ങൾ നൽകുകയാണ് ഇസ്ലാം ചെയ്തതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

തലസ്ഥാന നഗരിയിലെ ഐ സി എഫിന്റെ നാല് പതിറ്റാണ്ടിലെ പ്രവർത്തനങ്ങളുടെ സന്തോഷം പങ്കിടാൻ നടത്തിയ റൂബി ജൂബിലി ആഘോഷം സംഘാടന മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ‘നേരിന്റെ പക്ഷം നാല്പതാണ്ടുകൾ’ എന്ന പ്രമേയത്തിൽ നടത്തിയ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, പൊതു സമ്മേളനം, ഹാദിയ സംഗമം എന്നിവ നടന്നു. ഐ സി എഫിന്റെ ആദ്യ രൂപമായ സമസ്ത സുന്നി യുവജന സംഘത്തിന്റെ റിയാദ് ഘടകം രുപീകരിക്കാൻ 1982 ൽ മുന്നിട്ടിറങ്ങിയ സയ്യിദ് അബ്ദുള്ള കോയ എന്ന ടി എസ് എ തങ്ങളും ആദ്യകാല പ്രബോധകൻ അബ്ദുൽ റഊഫ് സഖാഫിയും അതിഥികളായി നാട്ടിൽ നിന്നെത്തിയത് പ്രവർത്തകർക്ക് ആവേശമായി മാറി.
മുൻകൂട്ടി പേര് നൽകിയ യൂണിറ്റ് ഭാരവാഹികൾ മുതൽ സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങൾ വരെയുള്ള ഐ സി എഫ് പ്രതിനിധികൾ രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) സോണൽ – സെൻട്രൽ ഭാരവാഹികൾ കർണാടക കൾച്ചറൽ ഫൗണ്ടെഷൻ (കെ സി എഫ്) പ്രതിനിധികൾ, സ്ഥാപക കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത പ്രതിനിധി സമ്മേളനത്തോടെയാണ് സമാപന സംഗമത്തിന് തുടക്കം കുറിച്ചത്. ഐ സി എഫ് ഇന്റർനാഷണൽ
സെക്രട്ടറി അബ്ദുൽ നിസാർ കാമിൽ സഖാഫി (ഒമാൻ) മുഖ്യ പ്രഭാഷണം നടത്തി.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രവാസത്തിന്റെ വിവിധ ഭാവങ്ങൾ വിശകലനം ചെയ്‌ത് മൂന്ന് വിത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടന്നു. സിറാജ് ദിനപത്രം ന്യൂസ് എഡിറ്റർ മുസ്തഫ പി
അറയ്ക്കൽ ‘പ്രവാസം അതിരുകൾ അടയാളങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ‘ഗൾഫ് പ്രവാസത്തിന്റെ അറുപതാണ്ട്’ എന്ന വിഷയവും എഡ്യൂക്കേഷണൽ സൈക്കോളജിസ്റ്റ് ഡോ. കെ ആർ ജയചന്ദ്രൻ ‘പ്രവാസത്തിന്റെ മനശാസ്ത്രം’ എന്ന വിഷയവും അവതരിപ്പിച്ചു. ഐ സി എഫ് നാഷണൽ സെക്രട്ടറി നിസാർ കാട്ടിൽ ഉദ്‌ഘാടനം ചെയ്‌തു.

വൈകുന്നേരം ഏഴു മണിക്ക് ആരംഭിച്ച സമാപന പൊതുസമ്മേളനം നാട്ടിലെ സമ്മേളന ഓർമ്മകൾ പുതുക്കുന്ന രീതിയിൽ ആയിരുന്നു ഒരുക്കിയിരുന്നത്. ഐ സി എഫിന്റെ സെൻട്രൽ, പ്രൊവിൻസ്, നാഷണൽ, ഇന്റർ നാഷണൽ നേതാക്കൾക്കൊപ്പം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കൂടിയായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ സാന്നിധ്യം പ്രവർത്തകർക്ക് വലിയ ഊർജ്ജമാണ് നൽകിയത്. എസ് എസ് എഫ് ദേശീയ സമിതി അംഗം റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി.

വ്യത്യസ്ത മേഖലകളില്‍ സമൂഹത്തിന് ഗുണകരമായ സേവനങ്ങള്‍ ചെയ്ത നാലു പേർക്കുള്ള എമിനന്റ് അവാര്‍ഡുകള്‍ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി ചടങ്ങിൽ വിതരണം ചെയ്‌തു.

ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി, അബ്ദുൽ നാസർ അഹ്സനി, ലുഖ്‌മാൻ പാഴൂർ, അബ്ദുൽ മജീദ് താനാളൂർ, ഷെമീർ രണ്ടത്താണി,
മർസൂഖ് സഅദി, മുഹമ്മദ് ബാദുഷ സഖാഫി,
അസീസ് പാലൂർ, ലത്തീഫ് മിസ്ബാഹി, നൗഷാദ് മാസ്റ്റർ, മുസ്തഫ സഅദി
ഇബ്രാഹീം കരീം തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ സംസാരിച്ചു.

രിസാലത്തുൽ ഇസ്ലാം മദ്‌റസ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രവാചക നഗരിയുടെ നേർകാഴ്ച്ചകളുടെ പ്രദർശനമായ മദീന ആർട്ട് ഗാലറി പ്രമുഖ വ്യവസായി മജീദ് ചിങ്ങോലി ഉത്ഘാടനം ചെയ്‌തു. പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും, ഐ സി എഫ് നടത്തിയ മാസ്റ്റർ മൈന്റ് ക്വിസിൽ വിജയിച്ചവർക്കും ഹാദിയ അക്കാദമി ഇന്റർനാഷണൽ ക്വിസ് വിജയികൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്റ്റർ കമ്മറ്റികൾ ഒരുക്കിയ തട്ടുകടകൾ സമ്മേളത്തിനു വേറിട്ട അനുഭൂതി നൽകി.

---- facebook comment plugin here -----

Latest