fifa women world cup 23
വനിതാ ഫുട്‌ബോള്‍ കിരീടം സ്പാനിഷ് പടക്ക്; പരാജയപ്പെടുത്തിയത് ഇംഗ്ലണ്ടിനെ
സ്‌പെയിനിന്റെ ആദ്യ ലോകകപ്പ് കിരീടം കൂടിയാണിത്.
സിഡ്‌നി | കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഫിഫ വനിതാ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി സ്‌പെയിന്‍. ഏകപക്ഷീയ ഒരു ഗോളിനായിരുന്നു സ്പാനിഷ് ജയം. മത്സരത്തിലുടനീളം വ്യക്തമായ മേധാവിത്വം പുലര്‍ത്തി ആധികാരികമായാണ് സ്‌പെയിനിന്റെ ജയം. സ്‌പെയിനിന്റെ ആദ്യ ലോകകപ്പ് കിരീടം കൂടിയാണിത്.
ആദ്യപകുതിയില്‍ 29ാം മിനുട്ടില്‍ ഒള്‍ഗ കാര്‍മോണയാണ് സ്‌പെയിനിന് വേണ്ടി ഗോള്‍ നേടിയത്. മരിയോണ കാള്‍ഡെന്റി ആയിരുന്നു അസിസ്റ്റ്. മത്സരത്തില്‍ പന്തടക്കത്തിലും പാസ്സിംഗിലും ആക്രമണത്തിലും സ്‌പെയിനായിരുന്നു മുന്നില്‍.
രണ്ടാം പകുതിയിൽ വാറിലൂടെ ലഭിച്ച പെനാല്‍റ്റി സ്‌പെയിനിന് മുതലാക്കാനായില്ല. 69ാം മിനുട്ടില്‍ ജെന്നി ഹെര്‍മോസോയെടുത്ത പെനാല്‍റ്റി കിക്ക് ഇംഗ്ലീഷ് ഗോളി തടയുകയായിരുന്നു. സെമിയില്‍ സ്വീഡനെ പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ കലാശപ്പോരിനെത്തിയത്. ആതിഥേയരായ ആസ്‌ത്രേലിയയെയാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ഇംഗ്ലണ്ടിന്റെയും ആദ്യ ഫൈനല്‍ ആയിരുന്നു ഇത്.