women safety
സ്ത്രീ സുരക്ഷ; അടിതടയുമായി പോലീസ്
വീഡിയോ കണ്ടത് 98,000 പേർ
കോഴിക്കോട് | സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ കേരള പോലീസ് ആവിഷ്‌കരിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി ഇനി പോലീസിന്റെ ഔദ്യോഗിക എഫ് ബി പേജിലൂടെ പഠിക്കാം. ഒറ്റപ്പെട്ട അവസ്ഥയിൽ സ്ത്രീകൾക്ക് അതിക്രമങ്ങൾ നേരിടേണ്ടി വന്നാൽ എങ്ങനെ നേരിടണമെന്നതിനെ കുറിച്ചാണ് കേരള പോലീസ് സമൂഹ മാധ്യമ സെൽ തയ്യാറാക്കിയ അടിതട എന്ന ട്യൂട്ടോറിയൽ വീഡിയോയിലൂടെ പങ്ക് വെക്കുന്നത്.
അപ്രതീക്ഷിതമായി ഒരാൾ മുന്നിൽ നിന്ന് കൈയിൽ കയറി പ്പിടിച്ചാൽ എങ്ങനെ രക്ഷപ്പെടാം, പിറകിൽ നിന്ന് ചുറ്റിപ്പിടിച്ചാൽ എങ്ങനെ പ്രതിരോധിക്കാം എന്നതെല്ലാം വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ വിവിധ എപ്പിസോഡുകളായാണ് തയ്യാറാക്കിയിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഏകദേശം 98,000 ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 900ത്തോളം ആളുകൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അത്തരം അതിക്രമങ്ങൾ തടയുന്നതിനായി സ്വയം പ്രതിരോധ പരിശീലനം കഴിഞ്ഞ നിരവധി വർഷങ്ങളായി കേരള പോലീസിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സൗജന്യമായി നൽകിവരുന്നുണ്ട്. എ ഡി ജി പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പോലീസ് സോഷ്യൽ മീഡിയ സെല്ലിലെ ബി ടി അരുണിന്റെതാണ് ആശയം. വനിതാ സ്വയം പ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി, സുൽഫത്ത്,അനീസ്ബാൻ,അതുല്യ എന്നിവരാണ് വീഡിയോയിലൂടെ പരിശീലനം നൽകുന്നത്. സന്തോഷ് സരസ്വതി ക്യാമറയും നിധീഷ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.