Ongoing News
വനിതാ ടി20 ലോകകപ്പ് 2024; കളി നിയന്ത്രിക്കുക പൂര്‍ണമായി വനിതാ ഒഫീഷ്യലുകള്‍
10 അംപയര്‍മാരും മൂന്ന് റഫറിമാരുമായി 13 മാച്ച് ഒഫീഷ്യലുകളാണ് വനിതാ ലോകകപ്പ്-2024നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ദുബൈ | 2024ലെ വനിതാ ടി20 ലോകകപ്പില്‍ കളി നിയന്ത്രിക്കുക പൂര്‍ണമായി വനിതാ ഒഫീഷ്യലുകള്‍. 10 അംപയര്‍മാരും മൂന്ന് റഫറിമാരുമായി 13 മാച്ച് ഒഫീഷ്യലുകളാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി സി ബി) ആതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പ്-2024നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് (ഐ സി സി) പട്ടിക പുറത്തുവിട്ടത്.
ആസ്‌ത്രേലിയന്‍ അംപയര്‍ ക്ലെയര്‍ പൊളോസാക് ആണ് പട്ടികയിലെ ഏറ്റവും അനുഭവസമ്പത്തുള്ള ഒഫീഷ്യല്‍. മുമ്പത്തെ നാല് വനിതാ ടി20 ലോകകപ്പുകള്‍ പൊളൊസാക് നിയന്ത്രിച്ചിട്ടുണ്ട്. കിം കോട്ടണ്‍ (ന്യൂസിലന്‍ഡ്), ജാക്വിലിന്‍ വില്യംസ് (ജമൈക്ക), എന്നിവര്‍ നാലാം വനിതാ ടി20 ലോകകപ്പിലാണ് അംപയര്‍മാരാകാന്‍ പോകുന്നത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ ആസ്‌ത്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം നിയന്ത്രിച്ചത് ഇവര്‍ രണ്ടുപേരുമായിരുന്നു.
ഇതേ മത്സരത്തില്‍ ടെലിവിഷന്‍ അംപയറായിരുന്ന സ്യു റെഡ്‌ഫേണും (ഇംഗ്ലണ്ട്) ഇത് നാലാം തവണയാണ് അംപയറാകുന്നത്. അതേസമയം, സിംബാംബ്‌വേയുടെ സറ ഡംപനേവനയെ സംബന്ധിച്ച് അംപയറെന്ന നിലയിലുള്ള ആദ്യത്തെ ടി20 വനിതാ ലോകകപ്പാകും വരാനിരിക്കുന്നത്.