Connect with us

Kerala

സ്ത്രീകളെ ശല്യം ചെയ്തു; സഊദിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയില്‍ സഊദിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ അറസ്റ്റില്‍. ബാലരാമപുരം തേമ്പാമൂട് സ്വദേശി പ്രണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സഊദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയില്‍ പ്രണവ് കൃഷ്ണക്കെതിരെ തിരുവനന്തപുരം റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ നേരത്തെ കേസുണ്ടായിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ക്കെതിരേ പോലീസ് അന്വേഷണം നടത്തിവരികയും ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഇന്റര്‍നെറ്റ്, വിദേശ നമ്പറുകളിലൂടെയാണ് പ്രണവ് കൃഷ്ണ സ്ത്രീകളെ വിളിച്ച് ശല്യം ചെയ്തിരുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ സ്ത്രീയെ ഒന്നര വര്‍ഷത്തോളമായി ഇത്തരത്തില്‍ ശല്യം ചെയ്യുന്നുണ്ട്. അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുകയായിരുന്ന പ്രണവ് കൃഷ്ണ അവധിക്ക് ഇന്നലെ നാട്ടിലെത്തിയതായിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഇയാളെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.