Connect with us

Kerala

കേരള പോലീസിൽ വനിതകൾക്ക് പഞ്ഞം

പ്രാതിനിധ്യം എട്ട് ശതമാനത്തില്‍ താഴെ; 290 ഡി വൈ എസ് പി മാരിൽ ഒരാൾ മാത്രം വനിത

Published

|

Last Updated

പത്തനംതിട്ട | കേരളത്തിലെ പോലിസ് സേനയിലെ വനിതാ പ്രാതിനിധ്യം എട്ട് ശതമാനത്തില്‍ താഴെ. സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് അഞ്ച് പതിറ്റാണ്ട് കഴിയുമ്പോഴുള്ള കണക്കാണിത്. സാക്ഷരതയിലും സ്ത്രീപുരുഷാനുപാതത്തിലും (51.4 ശതമാനം) സ്ത്രീകള്‍ മുന്നിലുള്ള കേരളത്തിലാണ് പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം എട്ട് ശതമാനത്തിന് താഴെയുള്ളത്.

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ 549ഉും സേനയിലെ അംഗബലം 56,620ഉം ആണ്. ഇതില്‍ അയ്യായിരത്തില്‍ താഴെ മാത്രമാണ് വനിതാ പ്രാതിനിധ്യം. ഡി വൈ എസ് പി റാങ്ക് മുതല്‍ താഴോട്ട് പോലീസ് സേനയിലുള്ളവരുടെ അംഗബലം 50,051 ആണ്. ഇതില്‍ 45,713 പുരുഷന്‍മാരും 4,338 വനിതകളുമാണുള്ളത്. ഡി വൈ എസ് പി റാങ്കില്‍ 289 പുരുഷന്‍മാരും ഒരു സ്ത്രീയുമാണുള്ളത്. വനിതാ പ്രാതിനിധ്യം 0.34 ശതമാനം. ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് 666 പുരുഷന്‍മാരും 26 വനിതകളുമുണ്ട്. സ്ത്രീ പ്രാതിനിധ്യം 3.75 ശതമാനം. സബ് ഇന്‍സ്പെക്ടര്‍മാരിൽ 2,020 പുരുഷന്‍മാരും 131 വനിതകളുമാണുള്ളത് (6.09 ശതമാനം). അസി. സബ് ഇന്‍സ്പെക്ടറിൽ 2,061 പേർ പുരുഷന്‍മാരാണ്. മൂന്ന് സ്ത്രീകൾ (0.14 ശതമാനം) മാത്രമാണുള്ളത്.

സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായി 7,734 പുരുഷന്‍മാരുള്ളപ്പോൾ 171 സ്ത്രീകളാണുള്ളത്. സ്ത്രീ പ്രാതിനിധ്യം 2.16 ശതമാനം. സിവില്‍ പോലീസ് ഓഫിസര്‍മാരായി 24,516 പുരുഷന്‍മാരും 3,191 സ്ത്രീകളും കേരളാ പോലീസിലുണ്ട്. 11.51 ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം. ബറ്റാലിയന്‍ ഹവില്‍ദാര്‍മാരായി 1,237 പുരുഷന്‍മാരും 20 സ്ത്രീകളും. സ്ത്രീ പ്രാതിനിധ്യം 1.59 ശതമാനം. ബറ്റാലിയന്‍ പോലിസ് കോണ്‍സ്റ്റബിൾമാരായി 7,180 പുരുഷന്‍മാരും 795 സ്ത്രീകളും കേരളാ പോലിസിലുണ്ട്.

1973 ഒക്്ടോബർ 27നാണ് സംസ്ഥാനത്തെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷന്‍ കോഴിക്കോട് നിലവില്‍ വന്നത്. ഏറ്റവും അവസാനം 2019ല്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിലായി തസ്്തികയുൾപ്പെടെ നാല് വനിതാ പോലിസ് സ്റ്റേഷന്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 14 വനിതാ പോലിസ് സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഒരു വനിതാ ബറ്റാലിയനും ആരംഭിച്ചു. വനിതാ പോലീസ് സ്റ്റേഷനുകളുടെ അധികാര പരിധി മറ്റ് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്്തമാണ്. സാധാരണ പോലീസ് സ്റ്റേഷനുകളെ അപേക്ഷിച്ച് ഒരു ജില്ലയിലെ വനിതാ പോലീസ് സ്റ്റേഷൻ്റെ അധികാര പരിധി ജില്ലയിലെ മുഴുവന്‍ ഭാഗവും ഉള്‍പ്പെടുത്തിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ ഇരയാകുന്ന പരാതികളും വനിതാ പോലീസ് സ്റ്റേഷനുകളില്‍ കൈകാര്യം ചെയ്യുന്നു. വനിതാ പോലീസ് സ്റ്റേഷനിലേക്ക് ചില കേസുകള്‍ അന്വേഷണത്തിന് കൈമാറുകയും നേരിട്ട് നിയമിതയായ വനിതാ എസ് ഐക്ക് വനിതാ പോലീസ് സ്റ്റേഷന്റെ ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയും സ്ത്രീ-പുരുഷ ലിംഗ സമത്വത്തിനായി സ്‌കൂളുകളിലടക്കം മുറവിളി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

 

Latest