Connect with us

Kerala

പണമിടപാടുകള്‍ നടത്തുമ്പോള്‍ സ്ത്രീകള്‍ അതീവ ജാഗ്രത കാണിക്കണം: വനിതാ കമ്മീഷന്‍

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ വളരെയേറെ ചൂഷണത്തിന് വിധേയരാകുന്നു.

Published

|

Last Updated

കോഴിക്കോട് | സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടത്തുമ്പോള്‍ സ്ത്രീകള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ വളരെയേറെ ചൂഷണത്തിന് വിധേയരാകുന്നതായി അവര്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ആവശ്യമായ രേഖകള്‍ പോലും ഇല്ലാതെ സാമ്പത്തിക ഇടപാടുകളില്‍ പണം നഷ്ടമാകുമ്പോള്‍ സ്ത്രീകള്‍ അതിനു പരിഹാരം കാണാനാകാതെ മാനസിക സംഘര്‍ഷത്തിന് ഇരകളാവുന്നതായി കമ്മീഷന് മുമ്പാകെ വരുന്ന പരാതികളില്‍ നിന്നും മനസ്സിലാക്കാനായതായി കമ്മീഷന്‍ അധ്യക്ഷ നിരീക്ഷിച്ചു.

കമ്മീഷന്‍ മുമ്പാകെ വരുന്ന ഗാര്‍ഹിക ചുറ്റുപാടുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം വര്‍ധിക്കുന്നു. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കലഹത്തില്‍ കുട്ടികള്‍ വലിയതോതില്‍ മാനസിക സംഘര്‍ഷത്തിനു ഇരകളാകുന്നു. കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ വാശിയേറിയ കലഹങ്ങള്‍ കുടുംബാന്തരീക്ഷം വളരെയേറെ സങ്കീര്‍ണമാക്കുന്ന അവസ്ഥയാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, സ്ത്രീകള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട സ്വത്തവകാശം സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍ നിഷേധിക്കുന്ന സംഭവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും കമ്മീഷനു മുമ്പാകെ എത്തിയതായി സതീദേവി പറഞ്ഞു.

വിദ്യാസമ്പന്നമായ നാടാണെങ്കിലും തെറ്റായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ വര്‍ധിച്ചുവരികയാണ്. അന്ധവിശ്വാസങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരായ ശക്തമായ ബോധവത്ക്കരണം ആവശ്യമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു.

 

Latest