Connect with us

National

ലിപ്സ്റ്റിക്കും ബോബ് കട്ട് മുടിയുമായി സ്ത്രീകള്‍ വരും; വനിതാ ബില്ലില്‍ വിവാദ പരാമര്‍ശവുമായി ആര്‍ജെഡി നേതാവ്

ബിഹാറിലെ മുസാഫര്‍ നഗറില്‍ ഒരു പരിപാടിയില്‍ സംവദിക്കേയാണ് ആര്‍ജെഡി നേതാവ് അബ്ദുല്‍ ബാരി സിദ്ദിഖിയുടെ വിവാദ പരാമര്‍ശം

Published

|

Last Updated

മുസാഫര്‍നഗര്‍| വനിതാ സംവരണ ബില്ലിന്റെ പേരില്‍ ലിപ്സ്റ്റിക്കും ബോബ് കട്ട് മുടിയുമായി സ്ത്രീകള്‍ മുന്നോട്ട് വരുമെന്ന വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന ആര്‍ജെഡി നേതാവ് അബ്ദുല്‍ ബാരി സിദ്ദിഖി. ബിഹാറിലെ മുസാഫര്‍ നഗറില്‍ ഒരു പരിപാടിയില്‍ സംവദിക്കേയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

സംവരണം നല്‍കണമെന്നുണ്ടെങ്കില്‍ അങ്ങേയറ്റം പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് നല്‍കണം. പിന്നാക്ക സമുദായക്കാര്‍ക്ക് സംവരണം നല്‍കുന്നത് നന്നായിരിക്കും. അല്ലാത്തപക്ഷം, സ്ത്രീകളുടെ പേരില്‍ ബോബ് കട്ടും ലിപ്സ്റ്റിക്കും ഉപയോഗിച്ച് ജോലി നേടുമ്പോള്‍ നിങ്ങളുടെ സ്ത്രീകള്‍ക്ക് എന്തെങ്കിലും ലഭിക്കുമോ? എന്നാണ് സിദ്ദിഖി പറഞ്ഞത്.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ടിവി കാണുന്നതില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും അദ്ദേഹം അനുയായികളോട് ആവശ്യപ്പെട്ടു. സ്വബുദ്ധി ഉപയോഗിക്കാതെ ടിവി കാണുകയും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ പദവിയോ വിദ്യാഭ്യാസമോ കൂടുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെച്ചതോടെ നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാസംവരണ ബില്‍ നിയമമായി. ഇതിനുപിന്നാലെ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ ഓഫീസ് വിജ്ഞാപനവുമിറക്കി. വെള്ളിയാഴ്ച രാവിലെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കറും ബില്ലില്‍ ഒപ്പുവെച്ചിരുന്നു.

 

 

Latest