Kerala
നവ കേരള സദസ്സിനെതിരെ പ്രതിഷേധിക്കില്ല: പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറത്ത് നവ കേരള സദസ്സിനെതിരെ പ്രതിഷേധത്തിന് യുഡിഎഫ് ആഹ്വാനം ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി

കോഴിക്കോട്| നവ കേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അവരുടെ പരിപാടി അവര്‍ നടത്തും. അതിനെതിരെ പ്രതിഷേധിക്കാന്‍ മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിട്ടില്ല. പിന്നാലെ ഞങ്ങളുടെ പരിപാടിയും വരുന്നുണ്ട്. പിന്നെന്തിനാണ് പ്രതിഷേധിക്കുന്നത്.
പ്രതിഷേധിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം പരിപാടികള്‍ക്ക് ജനം പരപ്രേരണയില്ലാതെ സ്വയം എത്തിച്ചേരേണ്ടതാണ്. സ്‌കൂള്‍ കുട്ടികളെ നവകേരള സദസില്‍ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതിനൊക്കെ മാതൃക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ല. മലപ്പുറത്ത് നവ കേരള സദസ്സിനെതിരെ പ്രതിഷേധത്തിന് യുഡിഎഫും ആഹ്വാനം ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.