Connect with us

Ongoing News

പരുക്കിനോട് പൊരുതി നേടിയ മെഡല്‍: നീരജ്

'ശാരീരിക സമ്മര്‍ദത്തെ അവഗണിച്ച് മത്സരിക്കാന്‍ സ്വയം നിര്‍ബന്ധിതനാകുന്നത് കായിക രംഗത്ത് ഒട്ടും നല്ലതല്ല.'

Published

|

Last Updated

ന്യൂഡല്‍ഹി | പരുക്കിന്റെ കഠിന യാതനകളെ അതിജീവിച്ചാണ് പാരീസ് ഒളിംപിക്‌സില്‍ മെഡല്‍ സ്വന്തമാക്കിയതെന്ന വെളിപ്പെടുത്തലുമായി ഇന്ത്യയുടെ ഇതിഹാസ ജാവലിന്‍ താരം നീരജ് ചോപ്ര. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകേണ്ട അവസ്ഥയിലാണ് താനുള്ളതെന്നും പരുക്കിന്റെ വെല്ലുവിളിയോട് പൊരുതിക്കൊണ്ടാണ് മത്സരത്തില്‍ പിടിച്ചുനിന്നതെന്നും താരം വ്യക്തമാക്കി.

തുടയെല്ലിനേറ്റ പരുക്കിനെ അവഗണിച്ചാണ് നീരജ് പാരീസിലെ അങ്കത്തിനിറങ്ങിയത്. നീരജിന്റെ ആറ് ത്രോയില്‍ അഞ്ചെണ്ണവും ഫൗളായിരുന്നു. എന്നാല്‍, രണ്ടാം ത്രോയില്‍ സീസണിലെ തന്റെ മികച്ച ദൂരമായ 89.45 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിക്കാന്‍ കഴിഞ്ഞതാണ് താരത്തെ വെള്ളി മെഡല്‍ നേടാന്‍ സഹായിച്ചത്. രണ്ട് ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റെന്ന നേട്ടം സ്വന്തമാക്കാനും നീരജിന് കഴിഞ്ഞു. ടോക്യോ ഒളിംപിക്‌സില്‍ നേടിയ സ്വര്‍ണമായിരുന്നു ആദ്യ മെഡല്‍.

പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമാണ് 92.97 മീറ്റര്‍ ദൂരം കണ്ടെത്തി ഒളിംപിക് റെക്കോര്‍ഡോടെ ഇത്തവണ സ്വര്‍ണം കരസ്ഥമാക്കിയത്. ഒളിംപിക്‌സ് വ്യക്തിഗത ഇനത്തില്‍ രാജ്യത്തിനായി സ്വര്‍ണം നേടുന്ന ആദ്യ പാക് താരമാണ് നദീം.

‘മത്സര സമയത്ത് എന്റെ മനസ്സ് ചിന്തകള്‍ കൊണ്ട് നിറഞ്ഞിരുന്നു. അതില്‍ 60-70 ശതമാനവും കേന്ദ്രീകരിച്ചിരുന്നത് പരുക്കുമായി ബന്ധപ്പെട്ടായിരുന്നു. വീണ്ടും പരുക്കേല്‍ക്കാതിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ത്രോക്കായി ഓടുന്ന സമയത്ത് എന്റെ വേഗം എത്രമാത്രം കുറവായിരുന്നുവെന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഞാന്‍ എന്നെ സ്വയം തള്ളിവിടുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാകാന്‍ ഡോക്ടര്‍ എന്നോടു പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ലോക ചാമ്പ്യന്‍ഷിപ്പിനു മുമ്പോ ശേഷമോ എനിക്ക് വേണ്ടത്ര സമയം കിട്ടിയില്ല. ഒളിംപിക്‌സിനായി തയ്യാറെടുക്കാന്‍ ധാരാളം സമയം വേണ്ടിയിരുന്നു താനും.’-

ശാരീരിക സമ്മര്‍ദത്തെ അവഗണിച്ച് മത്സരിക്കാന്‍ സ്വയം നിര്‍ബന്ധിതനാകുന്നത് കായിക രംഗത്ത് ഒട്ടും നല്ലതല്ല. നീണ്ട ഒരു കരിയര്‍ മുന്നിലുള്ളതിനാല്‍ ആരോഗ്യവാനും ഫിറ്റും ആകേണ്ടതുണ്ട്. എന്നാല്‍, മത്സരങ്ങള്‍ വരുമ്പോള്‍ അതിനനുസൃതമായ തീരുമാനം കൈക്കൊള്ളാനാകില്ല. 90 മീറ്റര്‍ മാര്‍ക്കില്‍ എത്തുന്നതിനെ കുറിച്ച് പരാമര്‍ശിച്ചില്ലെങ്കിലും കൂടുതല്‍ വലിയ ത്രോകള്‍ക്കുള്ള ശേഷി തനിക്കുണ്ടെന്ന ആത്മവിശ്വാസം താരം പ്രകടിപ്പിച്ചു. 2022ല്‍ നേടിയ 89.94 മീറ്ററാണ് നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ത്രോ.