Kerala
മരംമുറി ഉത്തരവ് വിവാദം: ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിശദീകരണം തേടി കേന്ദ്രം
സസ്പെന്‍ഡ് ചെയ്ത കാര്യം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വിശദീകരിക്കണമെന്നും സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് കേന്ദ്രം
തിരുവനന്തപുരം | മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് കേരളത്തോട് വിശദീകരണം ആരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. മരംമുറി ഉത്തരവ് വിവാദത്തില്‍ ഐ എഫ് എസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത കാര്യം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വിശദീകരിക്കണമെന്നും സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് കേന്ദ്രം. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രത്തിന്റെ നോട്ടീസ്.
മുല്ലപ്പെരിയാര്‍ ബേബി ഡാം മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ കേന്ദ്ര ഫോറസ്റ്റ് ഐജിയെ സര്‍ക്കാര്‍ കൃത്യമായി അറിയിച്ചില്ല. സസ്പെന്‍ഡ് ചെയ്ത വിവരം 48 മണിക്കൂറിനുള്ളില്‍ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ വിവരം അറിഞ്ഞത് മാധ്യങ്ങളിലൂടെയാണെന്നാണ് കേന്ദ്രം പറഞ്ഞു.
30 ദിവസത്തിലധികം സസ്പെന്‍ഷന്‍ നീളുകയാണെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. അതിലേറെ നീളുകയാണെങ്കില്‍ വേറെയും അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതൊന്നും പാലിച്ചിട്ടില്ല. മരംമുറി വിവാദത്തില്‍ ഏറെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതിന് ബെന്നിച്ചനെ സസ്പെന്‍ഡ് ചെയ്തത്.