National
വേശ്യ, വെപ്പാട്ടി തുടങ്ങിയ വാക്കുകൾ കോടതികളിൽ ഇനി ഉപയോഗിക്കില്ല; സ്ത്രീകൾക്കായി പദാവലി പുറത്തിറക്കി സുപ്രീം കോടതി
കൽക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കൈപ്പുസ്തകം തയ്യാറാക്കിയത്.
ന്യൂഡൽഹി | സുപ്രീം കോടതി വിധികളിലും വാദങ്ങളിലും ഇനിമുതൽ ലിംഗപരമായ സ്റ്റീരിയോടൈപ്പ് വാക്കുകൾ ഉപയോഗിക്കില്ല. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന വാക്കുകൾ നിരോധിക്കുന്നതിനായി സുപ്രീം കോടതി ജെൻഡർ സ്റ്റീരിയോടൈപ്പ് കോംബാറ്റ് ഹാൻഡ്‌ബുക്ക് പുറത്തിറക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹാൻഡ്ബുക്ക് പ്രകാശനം ചെയ്തു. ഏത് വാക്കുകളാണ് യാഥാസ്ഥിതികമെന്നും അവ എങ്ങനെ ഒഴിവാക്കാമെന്നും ജഡ്ജിമാർക്കും അഭിഭാഷകർക്കും മനസ്സിലാക്കാൻ ബുക്ക് സഹായിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹാൻഡ്‌ബുക്കിൽ ആക്ഷേപകരമായ വാക്കുകളുടെയും പകരം ഉപയോഗിക്കേണ്ട വാക്കുകളുടെയും വാക്യങ്ങളുടെയും ലിസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. കോടതിയിൽ വാദങ്ങൾ നൽകുന്നതിനും ഉത്തരവുകൾ നൽകുന്നതിനും അതിന്റെ പകർപ്പുകൾ തയ്യാറാക്കുന്നതിനും ഇത് ഉപയോഗപ്പെടുത്താം. അഭിഭാഷകർക്കും ജഡ്ജിമാർക്കുമുള്ളതാണ് ഈ കൈപ്പുസ്തകം.
അവിഹിത ബന്ധ ത്തിന് പകരം വിവാഹത്തിന് പുറത്തുള്ള ബന്ധം, വേശ്യക്ക് പകരം ലൈംഗികത്തൊഴിലാളി, അവിവാഹിതയായ അമ്മക്ക് പകരം അമ്മ എന്നിങ്ങനെയാകും പ്രയോഗം. ഈവ് ടീസിങ് -തെരുവ് ലൈംഗിക പീഡനം, പ്രകോപനപരമായ വസ്ത്രം- വസ്ത്രം, നല്ല ഭാര്യ – ഭാര്യ, വെപ്പാട്ടി – വിവാഹത്തിന് പുറത്ത് ഒരു പുരുഷനുമായി ശാരീരിക ബന്ധം പുലർത്തുന്ന ഒരു സ്ത്രീ എന്നിങ്ങനെയും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
കൽക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കൈപ്പുസ്തകം തയ്യാറാക്കിയത്. റിട്ടയേർഡ് ജസ്റ്റിസുമാരായ പ്രഭ ശ്രീദേവൻ, ജസ്റ്റിസ് ഗീത മിത്തൽ, നിലവിൽ കൊൽക്കത്തയിലെ വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസസിൽ ഫാക്കൽറ്റി അംഗമായ പ്രൊഫസർ ജുമാ സെൻ എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.
മാർച്ച് എട്ടിന്, വനിതാ ദിനത്തിൽ സുപ്രീം കോടതിയിൽ നടന്ന ഒരു പരിപാടിയിൽ, നിയമപരമായ കാര്യങ്ങളിൽ സ്ത്രീകൾക്ക് ആക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് നിർത്തലാക്കുമെന്നും ഇതിനായി ഒരു നിഘണ്ടു ഉടൻ തയ്യാറാക്കുമെന്നും അറിയിച്ചിരുന്നു.