Connect with us

ആത്മീയം

പശ്ചാത്താപത്തിൻ്റെ വാതായനങ്ങൾ

പാപമോചനം നടത്തൽ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന കർമങ്ങളിലൊന്നാണ്. അത് സത്യവിശ്വാസിയുടെ സവിശേഷ ഗുണമാണ്. സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കുകയും ചെയ്യും.ഒറ്റക്കും കൂട്ടമായും നടത്താവുന്ന ആരാധനയാണത്.

Published

|

Last Updated

ജീവിതത്തിരക്കുകൾക്കിടയിൽ മനുഷ്യൻ തന്റെ മനസ്സുകൊണ്ടും അവയവങ്ങളെക്കൊണ്ടും വിവിധതരത്തിലുള്ള പാപങ്ങൾ ചെയ്യുന്നു. കാരണം, പാപം ചെയ്യാൻ സദാപ്രേരിതമാകുന്ന പ്രകൃതമാണ് മനുഷ്യന്റെത്. എത്രതന്നെ ശ്രദ്ധയോടെ ജീവിക്കാൻ ശ്രമിച്ചാലും തിന്മകളിലേക്ക് അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കും. മനുഷ്യനെ സൃഷ്ടിക്കപ്പെട്ട നാൾ മുതൽ മനുഷ്യന്റെ മുഖ്യശത്രുവായ പിശാചും അവന്റെ കൂടെയുണ്ട്. മനുഷ്യസിരകളിൽ രക്തപ്രവാഹമുള്ള കാലത്തോളം പിശാചിന്റെ പ്രേരണ തുടർന്നുകൊണ്ടിരിക്കും. അല്ലാഹു പറയുന്നു: “നിശ്ചയം മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു.’ (യൂസുഫ്: 53). അനസ്(റ) നിവേദനം. നബി(സ) പറഞ്ഞു: ‘ആദം സന്തതികൾ തെറ്റു ചെയ്യാൻ പാകത്തിലാണ് പടക്കപ്പെട്ടത്. എന്നാല്‍ തെറ്റുചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും’.(ഇബ്നുമാജ).

സാധാരണ അലക്കലിൽ നീങ്ങുന്നതും പ്രത്യേക കെമിക്കൽ ഉപയോഗിച്ച് നീക്കുന്നതുമായ വസ്ത്രത്തിലെ കറകളെപോലെ പാപങ്ങൾ രണ്ടു വിധത്തിലുണ്ട്. ചെറിയ പാപങ്ങൾ നിത്യേന ചൊല്ലുന്ന ദിക്റുകളാൽ പൊറുക്കപ്പെടും. എന്നാൽ വൻപാപങ്ങൾ പൊറുക്കപ്പെടണമെങ്കിൽ നിബന്ധനയൊത്ത തൗബ തന്നെവേണം.

പാപക്കറകൾ വിശ്വാസത്തിനും ഹൃദയ വിശുദ്ധിക്കും മങ്ങലേൽപ്പിക്കും. നിരന്തരം പാപമോചനം നടത്തലാണ് കറ നീക്കാനുള്ള പരിഹാര മാർഗം. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറഞ്ഞു: പാപം ഹൃദയത്തില്‍ ഒരു കറുത്ത പുള്ളിവീഴ്ത്തും. അതിൽ നിന്നു വിരമിച്ച് ഖേദത്തോടെ പശ്ചാത്തപിച്ചാൽ ഹൃദയം ശുദ്ധീകരിക്കപ്പെടും. മുക്തിയാകാതെ പാപം വര്‍ധിപ്പിക്കുകയാണെങ്കില്‍ കറുത്ത പുള്ളിയും വര്‍ധിക്കും. അതാണ് അല്ലാഹു (ഖുര്‍ആനില്‍) ഇങ്ങനെ പറഞ്ഞത്: “അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കും’. (തിർമിദി).

പാപമോചനം നടത്തൽ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന കർമങ്ങളിലൊന്നാണ്. അത് സത്യവിശ്വാസിയുടെ സവിശേഷ ഗുണമാണ്. സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കുകയും ചെയ്യും. ഒറ്റക്കും കൂട്ടമായും നടത്താവുന്ന ആരാധനയാണത്. രാത്രിയുടെ യാമങ്ങളിലുള്ള പ്രാർഥനയാണ് അല്ലാഹുവിന് ഏറെ ഇഷ്ടം. അത് വിശ്വാസികളുടെ ലക്ഷണമാണെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. “അവർ (വിശ്വാസികൾ) രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിനോടു പാപമോചനം തേടുന്നവരുമാകുന്നു’. (ആലുഇംറാന്‍: 17)
ആത്മാർഥതയോടെ, മനമുരുകി സ്രഷ്ടാവിനു മുമ്പിൽ തന്റെ കുറ്റം ഏറ്റു പറയുന്നവനെ അല്ലാഹു വൃഥാവിലാക്കില്ല. അവന്റെ കാരുണ്യം അത്രയും വിശാലമാണ്. തെറ്റുചെയ്ത മക്കൾ മാപ്പ് പറയുന്നതോടെ മാതാപിതാക്കൾ അത് മറക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുന്നതിലുപരിയാണ് സ്രഷ്ടാവിന്റെ മാപ്പുനൽകൽ. കാരുണ്യക്കടലായ പ്രപഞ്ചനാഥൻ പടപ്പുകളോട് ഏറെ ഇഷ്ടത്തോടെ പറയുന്നത് നോക്കൂ; “സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.’ (39/53)

നിബന്ധനകൾ പാലിച്ചുള്ള പാപമോചന വേളയിൽ സ്രഷ്ടാവ് എന്തുമാത്രം സന്തോഷിക്കുമെന്ന് തിരുനബി(സ) ഉദാഹരണസഹിതം വിശദീകരിക്കുന്നു. അനസ്(റ) നിവേദനം. നബി (സ) പറഞ്ഞു: “യാത്രാമധ്യേ മരുഭൂമിയില്‍ വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെടുന്നു. തിരഞ്ഞു പിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷച്ചുവട്ടില്‍ ഇരിക്കുമ്പോൾ ഒട്ടകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറയുന്നു; അല്ലാഹുവേ, നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. (സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറയുന്നതാണ്). അതിലുപരി തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ അല്ലാഹു സന്തോഷിക്കും.’ (മുസ്്ലിം)
ഉറച്ച വിശ്വാസമുള്ളവൻ താന്‍ ചെയ്ത പാപങ്ങളെ മനസ്സിലാക്കുന്നത്, തന്നിലേക്ക് വീഴാനിരിക്കുന്ന പർവതമായിട്ടാണ്. എന്നാല്‍ വിശ്വാസത്തിൽ ചാഞ്ചല്യമുള്ളവൻ പാപങ്ങളെ മൂക്കിന്മേലിരിക്കുന്ന ഈച്ചയെ കാണുന്ന ലാഘവത്തിലായിരിക്കും.
പാപങ്ങളെ കഴുത്തിലെ ചങ്ങലക്കൂട്ടങ്ങളോടാണ് ചില മഹാന്മാർ ഉപമിച്ചത്. പാപത്തിന്റെ തോതനുസരിച്ച് ചങ്ങലയുടെ ശക്തിയും ഭാരവും കൂടും. പാപമോചനവും പശ്ചാത്താപവും കൊണ്ടല്ലാതെ അതഴിക്കുക അസാധ്യമാണ്.

റമസാനിലെ വിശേഷമായ പത്തുദിനങ്ങൾ പാപമോചന പ്രാർഥനകൾക്കുള്ളതാണ്. “വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമസാനിൽ നോമ്പെടുക്കുന്നവന് കഴിഞ്ഞകാല പാപങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്.” (മുസ്‌ലിം). പാപമുക്തി നേടാതെ റമസാനിനെ യാത്രയാക്കുന്നത് കനത്ത നഷ്ടമുണ്ടാക്കും. അത്തരക്കാർക്ക് ശാപം ഭവിക്കുമെന്ന് ഹദീസിൽ മുന്നറിയിപ്പുണ്ട്. റമസാൻ ആഗതമായിട്ട് പാപം പൊറുപ്പിക്കാത്തവന് അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്ന ജിബ്‌രീൽ(അ)ന്റെ പ്രാർഥനക്ക് നബി(സ) ആമീൻ പറഞ്ഞത് ഇമാം ത്വബ്റാനി(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.

പാപമോചനപ്രാർഥനകൾ റമസാനിൽ മാത്രം ഒതുക്കേണ്ടതല്ല. വിശ്വാസികൾ നിത്യമാക്കേണ്ട പ്രാർഥനയാണത്. ഇസ്തിഗ്ഫാറിലൂടെ പാപങ്ങൾ പൊറുക്കപ്പെടുന്നതോടൊപ്പം സകല വിഷയങ്ങളിലും സർവശക്തന്റെ സഹായമുണ്ടാകുമെന്ന് വിശുദ്ധ ഖുർആനിലുണ്ട്.
അല്ലാഹു പറയുന്നു: “നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരികയും ചെയ്യും.’ (നൂഹ്: 10 -12).

നബി(സ) പറഞ്ഞു: “പാപമോചന പ്രാർഥന പതിവാക്കുന്നവർക്ക് എല്ലാ വിഷയങ്ങളിലും രക്ഷാമാർഗവും എല്ലാ മനഃപ്രയാസങ്ങളിലും ആശ്വാസവും ചിന്തിക്കാത്ത മാർഗത്തിലൂടെ ജീവിതോപാധികളും അല്ലാഹു നൽകുന്നതാണ്’. (അബൂദാവൂദ്) മഹാനായ ഹസനുൽബസരി(റ) പറയുന്നതുകാണാം: “വീടുകൾ, തീൻമേശകൾ, വഴികൾ, അങ്ങാടികൾ, സദസ്സുകൾ… എവിടെയാെണങ്കിലും നിങ്ങൾ ഇസ്തിഗ്ഫാർ (പാപമോചന പ്രാർഥന) വർധിപ്പിക്കണം. കാരണം, എപ്പോഴാണ് മഗ്ഫിറത്ത് (പാപമോചനം) ഇറങ്ങുകയെന്ന് നിങ്ങൾക്കറിയില്ല.’ (ജാമഉൽ ഉലൂം)