MT VASUDEVAN NAIR
അണിഞ്ഞൊരുങ്ങിയെത്തുന്ന വാക്കുകൾ
ഭാഷയെ സ്വർണപ്പണിക്കാരന്റെ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ കഴിവിനെ അന്നും ഇന്നും ആരും എതിരു പറയാൻ സാധ്യതയില്ല. അത്രയും വെെദഗ്ധ്യത്തോടെയാണ് എംടി ഭാഷയെ ഉപയോഗിച്ചത്. വാക്കുകൾ എംടിക്ക് മുന്നിലേക്കെത്തുമ്പോൾ നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങാറുണ്ടെന്നാണ് പലപ്പോഴും തോന്നിയിട്ടുണ്ട്.
“നാളെയുടേയും ഇന്നലയുടേയും മധ്യത്തിൽ ഒഴിവുകാലം കടന്നു പോവുന്നു”
മലയാളത്തിലെ എക്കാലത്തേയും മികച്ച നോവലിലൊന്നായ മഞ്ഞിൽ എംടി ഇങ്ങനെ എഴുതിയിട്ടുണ്ട്. ജീവിതത്തിന്റെ ഏറ്റവും അഗാധതയിൽ നിന്നാണ് എംടിയുടെ കഥാപാത്രങ്ങൾ നമ്മളെ വായനയിലേക്ക് അലിയിച്ചത്. ഏതൊരു മലയാളിക്കും എംടിയെന്ന രണ്ടക്ഷരത്തെക്കുറിച്ച് എന്തെങ്കിലും ഓർമകൾ കാണുമെന്നാണ് വിശ്വാസം. എന്നെങ്കിലും ഒരിക്കൽ നേരിട്ടു സംസാരിക്കണമെന്ന് ആഗ്രഹിച്ച ഒരാൾ.
ഒരിക്കൽ മാത്രം ദൂരെ നിന്നു കണ്ടു. തിരൂർ തുഞ്ചൻപറമ്പിൽ വെച്ചു നടന്ന തുഞ്ചന്‍ ഉൽസവത്തിൽ. അടുത്തേക്ക് ചെല്ലാനോ വല്ലതും മിണ്ടാനോ ഭയമോ അല്ലെങ്കിൽ ബഹുമാനമോ അനുവദിച്ചതുമില്ല. ഇതാ ഇപ്പോൾ മരണത്തിന്റെ ഗാഢമായ തണുപ്പിലേക്ക് മാഞ്ഞു പോയിരിക്കുന്നു. ഇനിയൊരിക്കലും തിരിച്ചുവരാത്ത യാത്ര; പൂച്ചക്കണ്ണുള്ള ചെറുപ്പക്കാരന്റെ കൂടെപ്പോയ രശ്മിയുടെ മുറിക്കുള്ളിലിരുന്ന്, വിമല തന്റെ തന്നെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നതു പോലെ..
എംടി ഓർമകളും അദ്ദേഹം സൃഷ്ടിച്ച അനേകം കഥാപാത്രങ്ങളും മാത്രം ബാക്കിയാവുന്നു. പലവർണത്തിലുള്ള സാരികൾ മടക്കിവെച്ച് അതിൽ സുധീർ മിശ്രയുടെ സിഗരറ്റിന്റെ ഗന്ധം പോലെയതു തങ്ങിനിൽക്കുന്നുണ്ട്. ഇനിയൊരിക്കലും മാഞ്ഞുപോവാതെ.
1854-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂണൽ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി കേരളത്തിൽ സംഘടിപ്പിച്ച കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം നേടിയാണ് എംടി മലയാളസാഹത്യത്തിൽ തന്റെ വരവറിയിക്കുന്നത്. പിന്നീടങ്ങോട്ട് എംടിയെന്ന നാമേധേയം മലയാള സാഹിത്യത്തിന്റെ പെരുന്തച്ചനായി തീർന്നു. ‘പാതിരാവും പകൽവെളിച്ചവും’
എന്ന നോവൽ ഖണ്ഡശ്ശ പ്രസിദ്ധികരിച്ചതും സമാന കാലയളവിലാണ്.
ഇരുപത്തി മൂന്നാം വയസിൽ എഴുതിയ നാലുകെട്ട് നോവല്‍ 1958-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടി. ഇന്നത്തെ തലമുറയിലെ ഏതൊരു എഴുത്തുകാരനും സ്വപ്നം കാണാൻ പോലും സാധ്യമല്ലാത്ത വിധമാണ് അദ്ദേഹത്തിന്റെ എഴുത്ത് ജീവിതം. മലയാളി ജീവിതത്തിന്റെ സകലമേഖലകളേയും അദ്ദേഹം തന്റെ സാഹിത്യസൃഷ്ടികളിലൂടെ പുനർജനിപ്പിച്ചു.
കാഥികന്റെ കല, കാഥികൻ്റെ പണിപ്പുര എന്നീ പുസ്തകങ്ങളിലൂടെ തന്റെ പിൻഗാമികൾക്ക് എഴുത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകാനുള്ള അദ്ദേഹത്തിന്റെ ശ്രമമായിട്ടാണ് കാണുന്നത്. 1985ലെ വയലാർ അവാർഡ് നേടിയ രണ്ടാമൂഴം ഇന്ത്യൻ നോവൽ ചരിത്രത്തിലെ തന്നെ ക്ലാസിക്കുകളിലൊന്നായിട്ടാണ് ഞാൻ കാണുന്നത്. മഹാഭാരത കഥയെ തന്റെ ഭാവനാസങ്കൽപ്പങ്ങളുടെ മൂശയിലിട്ട് എംടി പഴുപ്പിച്ചെടുത്തപ്പോൾ മലയാളി വായനക്കാർക്ക് അതൊരു പുത്തൻ അനുഭവമായി മാറി. പ്രസിദ്ധീകൃതമായിട്ട് നാലുപതിറ്റാണ്ടുകളായിട്ടും അതിനെ വെല്ലുന്ന മറ്റൊന്ന് ആർക്കും എഴുതാൻ കഴിഞ്ഞിട്ടുമില്ല.
1977-നവംബറിൽ മരണം തന്റെ വളരെ അടുത്തെത്തിയെന്നും അവശേഷിച്ച കാലം കൊണ്ട് എഴുതിത്തീർക്കണെന്ന് ആഗ്രഹിച്ച് എഴുതിയ നോവലാണിതെന്നും എംടി തന്നെ ഒരിക്കൽ സൂചിപ്പിച്ചിട്ടുണ്ട്. അവിടെയാണ് എംടിയെന്ന ക്രാഫ്റ്റ്മാന്റെ സത്ത തെളിയുന്നത്. സ്വയം ആവർത്തിക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ നിദാന്ത പരിശ്രമങ്ങളെ വിശുദ്ധഗ്രന്ഥം കയ്യാളുന്നതു പോലെ സൂക്ഷിച്ചുവെക്കാവുന്നതാണ്. അതേസമയം അദ്ദേഹം വിമർശനങ്ങൾക്കും അതീതനായിരുന്നില്ല. പലതരത്തിലുള്ള വിമർശനങ്ങൾ നേരിട്ടെങ്കിലും തന്റെ എഴുത്തുകൊണ്ട് മറികടന്നു. ഭാഷയെ സ്വർണപ്പണിക്കാരന്റെ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ കഴിവിനെ അന്നും ഇന്നും ആരും എതിരു പറയാൻ സാധ്യതയില്ല. അത്രയും വെെദഗ്ധ്യത്തോടെയാണ് എംടി ഭാഷയെ ഉപയോഗിച്ചത്. വാക്കുകൾ എംടിക്ക് മുന്നിലേക്കെത്തുമ്പോൾ നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങാറുണ്ടെന്നാണ് പലപ്പോഴും തോന്നിയിട്ടുണ്ട്.
അതേസമയം തന്റെ ചുറ്റിലുമുള്ള രാഷ്ട്രീയ കാര്യങ്ങളിലും തന്റേതായ നിലപാടുകൾ ഉച്ചത്തിൽ പറയാൻ മടി കാണിച്ചിട്ടില്ല. ഏറ്റവും അവസാനമായി 2023-കെഎൽഫിന്റെ ഉത്ഘാടന സമ്മേളനത്തിൽ അദ്ദഹം നടത്തിയ പ്രസംഗത്തിന്റെ പേരിൽ കേരളത്തിൽ നടന്ന ചർച്ചകളും സംവാദങ്ങളും.
വ്യക്തിപരമായി, തീർത്തും വന്യമായൊരു ആഗ്രഹമുണ്ട്; മാർകേസ് തന്റെ അവസാനകാലത്ത് എഴുതിയ ‘അൺടിൽ ആഗസ്ത്’ പോലെയൊരു നോവൽ, നമ്മൾ ജീവിച്ചിരിക്കെ അങ്ങനെയൊന്ന് എംടിയുടേതായി കണ്ടെത്തുമെന്നും അത് വായനക്കാരനെ വീണ്ടും വിസ്മയിപ്പിക്കുമെന്നും വെറുതെ ആശിക്കുന്നു.
സിതാരയിലെ എംടിയുടെ മുറിയിലെ മേശവലിപ്പിൽ നിന്നും എഴുതി പൂർത്തിയാക്കിയ നോവൽ കണ്ടെടുത്ത് പ്രസിദ്ധീകരിക്കുന്നു! മാജിക്കൽ റിയലിസം പോലെയൊരു ചിന്ത. ഭാവനകൾക്ക് ആകാശം പോലും അതിരല്ലെന്നു പഠിപ്പിച്ച എംടിയെക്കുറിച്ച് ഇങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നാണ് കരുതുന്നത്. മഞ്ഞ് നോവലിൽ വിമലയോട് സര്‍ദാര്‍ജി പറഞ്ഞതു പോലെ;
“എനിക്ക് നിങ്ങളെ ഇഷ്ടമാണ്, കാരണമൊന്നുമില്ല. വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കൽപ്പിക്കാതെ വെറുതെ..എനിക്ക് നിങ്ങളെ ഇഷ്ടമാണ്”
ഒരുപക്ഷേ, മരണം എംടിയോട് പറഞ്ഞതും ഇതായിരിക്കും.