Connect with us

Kerala

തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി; പ്രതികള്‍ അറസ്റ്റില്‍

Published

|

Last Updated

മല്ലപ്പള്ളി | ജോലി ചെയ്തതിന്റെ കൂലി ആവശ്യപ്പെട്ടതിന് നിര്‍മാണ തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട് മാര്‍ത്താണ്ഡം തക്കല സ്വദേശി സ്റ്റീഫന്‍ തോമസ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കരാറുകാരന്‍ തമിഴ്‌നാട് കന്യാകുമാരി തക്കല സ്വദേശി ജോസ് (39), സഹോദരന്‍ സുരേഷ് (44) എന്നിവരെ കീഴ്വായ്പ്പൂര് പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജ് റോഡില്‍ മാര്‍ത്തോമ്മ പള്ളിക്കു സമിപം തുരുത്തിയില്‍ ഫിലിപ്പ് വര്‍ഗീസ് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

കെട്ടിട നിര്‍മാണ പ്രവൃത്തിക്ക് വന്നയാളാണ് സ്റ്റീഫന്‍. തനിക്ക് ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള പണം ചോദിക്കാനാണ് സുഹൃത്തുക്കളെയും കൂട്ടി ഇരുചക്ര വാഹനത്തില്‍ സുരേഷ് താമസിക്കുന്ന വാടകവീട്ടില്‍ സ്റ്റീഫന്‍ എത്തിയത്. പണം ചോദിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ സ്റ്റീഫനെ സുരേഷും ജോസും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് കമ്പി വടികൊണ്ട് അടിക്കുകയും കല്ലെറിയുകയും ചെയ്തു. അടി കൊണ്ട് സ്റ്റീഫന്‍ ബോധരഹിതനായത് കണ്ട് ഒപ്പം വന്ന സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു.

പുലര്‍ച്ചെ നാലിന് കല്ലൂപ്പാറ റോഡില്‍ പട്രോളിങ് നടത്തുകയായിരുന്ന കീഴ്വായ്പൂര്‍ സ്റ്റേഷനിലെ പട്രോളിങ് എസ് ഐ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസുകാരെ ഇവര്‍ വിവരം ധരിപ്പിച്ചു. സുരേഷിന്റെ വാടക വീടിന്റെ ഹാളില്‍ ബോധരഹിതനായി കിടക്കുകയായിരുന്ന സ്റ്റീഫനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സ്റ്റീഫനെ മര്‍ദിക്കാന്‍ ഉപയോഗിച്ച കമ്പിവടിയും എറിയാന്‍ ഉപയോഗിച്ച ചെങ്കല്ലുകളും പോലീസ് കണ്ടെടുത്തു. പട്രോളിങ് എസ് ഐ. സുരേന്ദ്രന്റെ അവസരോചിതമായ ഇടപെടലാണ് പ്രതികള്‍ ഉടനെ കസ്റ്റഡിയിലാകാന്‍ കാരണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജര്‍ പറഞ്ഞു. എസ് ഐയുടെ പ്രവൃത്തി പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തില്‍ തിരുവല്ല ഡി വൈ എസ് പി. ടി രാജപ്പന്‍ റാവുത്തര്‍, കീഴ്വായ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ജി സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Latest