Connect with us

Ongoing News

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തനം; ലഘുഭക്ഷണ നിര്‍മാണ യൂണിറ്റ് അടച്ചുപൂട്ടി

പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് നടപടി.

Published

|

Last Updated

തിരുവല്ല | പെരിങ്ങരയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലഘുഭക്ഷണ നിര്‍മാണ യൂണിറ്റ് അടച്ചുപൂട്ടി. പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് നടപടി. തിരുനെല്‍വേലി സ്വദേശി ശങ്കറിന്റെ ഉടമസ്ഥതയില്‍ പെരിങ്ങര പത്താം വാര്‍ഡില്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപത്തെ വാടക വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റാണ് അടച്ചുപൂട്ടിയത്. പരിസരവാസികളുടെ പരാതിയെ തുടര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയത്.

ഉഴുന്നുവട, സമൂസ, നെയ്യപ്പം, കേക്ക് ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്ന യൂണിറ്റാണ് താത്ക്കാലികമായി അടച്ചുപൂട്ടിയത്. ഇന്ന് രാവിലെയായിരുന്നു പരിശോധന. തിരുവല്ല, ചങ്ങനാശ്ശേരി താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലുള്ള ബേക്കറികളിലും ഹോട്ടലുകളിലുമായി ബൈക്കുകളിലും ഓട്ടോറിക്ഷകളിലുമാണ് പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.

തുറസ്സായതും വൃത്തിഹീനവുമായ അന്തരീക്ഷത്തിലാണ് അടുക്കള പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. പഴകിയ എണ്ണയാണ് പലഹാരങ്ങള്‍ നിര്‍മിക്കുവാന്‍ ഉപയോഗിച്ചിരുന്നത്. പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള മൈദ അടക്കമുള്ള സാധനസാമഗ്രികള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സൂക്ഷിച്ചിരുന്നത്. അടുക്കളയുടെ പരിസരപ്രദേശങ്ങള്‍ മലിനജലം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതാണെന്നും കണ്ടെത്തി. ഇവിടെ ജോലി ചെയ്യുന്ന 17 ജീവനക്കാരില്‍ പലര്‍ക്കും ഹെല്‍ത്ത് കാര്‍ഡില്ലെന്നും വ്യക്തമായിട്ടുണ്ട്.

പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, വാര്‍ഡ് അംഗം എസ് സനല്‍കുമാരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ സതീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജലക്ഷ്മി, വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പിടിച്ചെടുത്ത ഭക്ഷണസാധനങ്ങളും പഴകിയ എണ്ണയും നശിപ്പിച്ചു. അടുക്കള പൂര്‍ണമായും നവീകരിക്കുന്നതിനും പരിസരം ശുചീകരിക്കുന്നതിനുമായി അഞ്ച് ദിവസത്തെ സമയം നല്‍കിയതായും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടമയ്ക്ക് നോട്ടീസ് നല്‍കിയതായും ഇവ പാലിക്കാത്ത പക്ഷം സ്ഥാപനം പൂര്‍ണമായും അടച്ചുപൂട്ടുന്ന നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest