Connect with us

Health

ചിക്കുന്‍ഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സീന് അംഗീകാരം

. 'ഇക്‌സ്ചിക്' എന്ന പേരില്‍ വാക്‌സീന്‍ വിപണിയിലെത്തും.

Published

|

Last Updated

വാഷിങ്ടണ്‍| ചിക്കുന്‍ഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സീന് യു.എസ്. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. യൂറോപ്പിലെ വാല്‍നേവ വാക്‌സീന്‍ കമ്പനിയാണ് വാക്‌സീന്‍ വികസിപ്പിച്ചെടുത്തത്. ‘ഇക്‌സ്ചിക്’ എന്ന പേരില്‍ വാക്‌സീന്‍ വിപണിയിലെത്തും. കൊതുകുകള്‍ വഴി പടരുന്ന വൈറസ് ആയ ചിക്കുന്‍ഗുനിയയെ ‘ഉയര്‍ന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാട്ടുന്നത്. 18 വയസിനും അതിന് മുകളിലുള്ളവര്‍ക്കും വേണ്ടിയാണ് വാക്‌സീന് അംഗീകാരം നല്‍കിയതെന്ന് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.18 വയസിന് മുകളിലുള്ളവര്‍ ഒറ്റ ഡോസ് ആയാണ് വാക്‌സീന്‍ എടുക്കേണ്ടത്.

വടക്കേ അമേരിക്കയില്‍ 3,500 പേരില്‍ രണ്ടു തവണ വാക്‌സീന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. പരീക്ഷണത്തിനിടെ 1.6 ശതമാനം വാക്‌സീന്‍ സ്വീകര്‍ത്താക്കളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലവേദന, ക്ഷീണം, പേശികളിലും സന്ധികളിലും വേദന, പനി, ഓക്കാനം എന്നീ സാധാരണയുള്ള പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചിക്കുന്‍ഗുനിയ. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകത്ത് 50 ലക്ഷം പേര്‍ക്കാണ് ചിക്കുന്‍ഗുനിയ റിപ്പോര്‍ട്ട് ചെയ്തത്. പനിക്കൊപ്പം സന്ധികളില്‍ നീര്, വേദന എന്നിവയാണ് രോഗം ബാധിച്ചാല്‍ അനുഭവപ്പെടുക. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ചിക്കുന്‍ഗുനിയ രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടതാണ്.

 

 

Latest