Connect with us

First Gear

ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക്; ഫ്രീഡം വരുന്നു

സിഎൻജിയുടെയും പെട്രോൾ ടാങ്കിൻ്റെയും കപ്പാസിറ്റി പരിഗണിക്കുമ്പോൾ ഏകദേശം 330 കിലോമീറ്ററോളം സഞ്ചരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ചെറിയ ബജറ്റിൽ സ്റ്റൈലിഷും മൈലേജും തരുന്ന ബൈക്കുകൾ അവതരിപ്പിച്ച് ഇന്ത്യയിൽ നിർണായക വിപണി കയ്യടക്കി വച്ചിരിക്കുന്നവരാണ് ബജാജ്. അവരിതാ പുതിയ ഒരു ബൈക്കുമായി വാഹന ലോകത്തെ വീണ്ടും ഞെട്ടിക്കുകയാണ്. ഇത്തവണ ഫ്രീഡം 125 എന്ന മോഡലുമായാണ് ബജാജ് വരുന്നത്. ഫ്രീഡം എന്ന പേരിൽ എൽഎംഎൽ കമ്പനി മുമ്പ് ഒരു ബൈക്ക് ഇറക്കിയിരുന്നു. എന്നാൽ ഈ ഫ്രീഡം അതല്ല. ശരിക്കും പറഞ്ഞാൽ പെട്രോൾ, ഡീസൽ എന്നിവയിൽ നിന്ന് ബൈക്കുകളെ മോചിപ്പിക്കുന്നതാണ് ഈ ഫ്രീഡം. അതെ ബജാജ് അവതരിപ്പിക്കുന്ന ഫ്രീഡം 125 സിഎൻജി യിലും ഓടും.

ബജാജ് ഫ്രീഡം 125 മോഡൽ ശരിക്കും ഒരു ബൈ-ഫ്യുവൽ ഇരുചക്ര വാഹനമാണ്. ഈ സവിശേഷതയുമായി വരുന്ന ലോകത്തിലെ തന്നെ ആദ്യത്തെ മോട്ടോർ സൈക്കിളാണിത്. ഫ്രീഡം 125 ഡിസ്ക് എൽഇഡി, ഫ്രീഡം 125 ഡ്രം എൽഇഡി, ഫ്രീഡം 125 ഡ്രം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി അവതരിപ്പിച്ചിരിക്കുന്ന സിഎൻജി ബൈക്കിന് 95,000 രൂപയാണ് ഇന്ത്യയിൽ വരുന്ന പ്രാരംഭ വില.

വേരിയന്റ് തിരിച്ചുള്ള വില നോക്കിയാൽ ബേസ് മോഡൽ ഫ്രീഡം 125 ഡ്രമ്മിന് 95,000 രൂപയും, ഫ്രീഡം 125 ഡ്രം എൽഇഡിക്ക് 1.05 ലക്ഷം രൂപയും ഫ്രീഡം 125 ഡിസ്ക് എൽഇഡിക്ക് 1.10 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ധനക്ഷമതയിലും പ്രവർത്തനച്ചെലവിലും വലിയ കുറവാണ് ഫ്രീഡം 125 കൊണ്ടുവരുന്നത്.

ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഏത് ഇന്ധനത്തിലും പ്രവർത്തിക്കാൻ അനുവദിക്കുന്ന സ്വിച്ചും വാഹനത്തിലുണ്ട്. അഡ്വഞ്ചർ മോട്ടോർ സൈക്കിളുകളെ അനുകരിക്കുന്ന തരത്തിലുള്ള ഡിസൈനാണ് ബജാജ് ഫ്രീഡം 125 സിഎൻജി മോട്ടോർസൈക്കിളിനുള്ളത്. കണ്ടാൽ ഒരു കമ്മ്യൂട്ടർ ബൈക്കാണെന്ന് പറയില്ലാത്ത തരത്തിലാണ് രൂപകൽപ്പന. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, സൂക്ഷ്മമായ ഫ്ലൈസ്‌ക്രീൻ, വളരെ നീളമുള്ളതും ഉൾക്കൊള്ളുന്നതുമായ സീറ്റ്, മുരടിച്ച ഇന്ധന ടാങ്ക് എന്നിവ ശ്രദ്ധേയമായ ഡിസൈൻ ഹൈലൈറ്റുകളാണ്.

ഉയരമുള്ള ഗ്രൗണ്ട് ക്ലിയറൻസ്, ഹാൻഡിൽ ബാർ ബ്രേസ്, നക്കിൾ ഗാർഡുകൾ, മറ്റ് ആട്രിബ്യൂട്ടുകൾ എന്നിവ ആത്മവിശ്വാസവും അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ ആകർഷണവും ബജാജിന്റെ സിഎൻജി ബൈക്കിന് നൽകുന്നുണ്ട്. ടാങ്ക് കവറുകൾ, എഞ്ചിൻ കൗൾ, പിൻ ടയർ ഹഗ്ഗർ പോലുള്ള ചില മോഡേൺ സംവിധാനങ്ങളും ഫ്രീഡം 125 പതിപ്പിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. അലോയ് വീലുകൾ സ്റ്റാൻഡേർഡ് ആണെങ്കിലും, ടോപ്പ് വേരിയൻ്റുകൾക്ക് ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ഓപ്ഷനും ലഭിക്കും.

ഇതുകൂടാതെ സിഎൻജി, പെട്രോൾ ലെവലുകൾ കാണിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സിഎൻജിയിൽ നിന്ന് പെട്രോളിലേക്കും തിരിച്ചും മാറാൻ അനുവധിക്കുന്ന സ്വിച്ച് ഗിയറിലെ ഒരു പ്രത്യേക ടോഗിളും ബജാജ് ഫ്രീഡം 125 ബൈക്കിന്റെ പ്രത്യേകതയാണ്. 2 കിലോഗ്രാം വരെ ശേഷിയുള്ള സിഎൻജി ടാങ്കാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അത് ബൈക്കിൻ്റെ സെൻട്രൽ ഏരിയയിൽ സമർഥമായി സ്ഥാപിക്കാനും കമ്പനിക്കായിട്ടുണ്ട്.
ഇത് ഭാരം വിതരണം ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കുന്ന കാര്യം കൂടിയാണ്. 2 ലിറ്റർ പെട്രോൾ ടാങ്കാണ് മോട്ടോർസൈക്കിളിനുള്ളതെന്നും ബജാജ് വൃത്തങ്ങൾ പറഞ്ഞു. സിഎൻജിയുടെയും പെട്രോൾ ടാങ്കിൻ്റെയും കപ്പാസിറ്റി പരിഗണിക്കുമ്പോൾ ഏകദേശം 330 കിലോമീറ്ററോളം സഞ്ചരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഫുൾടാങ്കിൽ സിഎൻജിയിൽ 200 കിലോമീറ്റർ റേഞ്ചും പെട്രോളിൽ 130 കിലോമീറ്റർ റേഞ്ചുമാണ് ബജാജ് പറയുന്നത്.

125 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ 9.5 bhp പവറും 6,000 ആർപിഎമ്മിൽ 9.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ബജാജ് വെബ്‌സൈറ്റിലും ഡീലർഷിപ്പുകളിലും ഫ്രീഡം 125ന്റെ ബുക്കിംഗ് ആരംഭിച്ചു.

Latest