Connect with us

Health

പക്ഷിപ്പനി ബാധിച്ച് ലോകത്തില്‍ ആദ്യമായി മനുഷ്യന്‍ മരിച്ചു; ലോകാരോഗ്യ സംഘടന

മെക്‌സിക്കന്‍ സ്വദേശിയായ 59കാരനാണ് ഏപ്രില്‍ 24ന് മരിച്ചത്.

Published

|

Last Updated

മെക്‌സിക്കോ സിറ്റി| പക്ഷിപ്പനി ബാധിച്ച് ലോകത്തില്‍ ആദ്യമായി മനുഷ്യന്‍ മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. പക്ഷിപ്പനിയുടെ പുതിയ എച്ച്5എന്‍2 വൈറസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണമാണ് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. മെക്‌സിക്കന്‍ സ്വദേശിയായ 59കാരനാണ് ഏപ്രില്‍ 24ന് മരിച്ചത്. ലോകത്താദ്യമായി എച്ച്5എന്‍2 പകര്‍ച്ച സ്ഥിരീകരിച്ച ആളും ഇദ്ദേഹമാണ്.

മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പനി, ശ്വാസം മുട്ടല്‍, വയറിളക്കം എന്നിവയുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എവിടെ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മെക്‌സിക്കോയിലെ ആരോഗ്യവകുപ്പ് വിശദമാക്കുന്നു.

കോഴി ഫാമുകളില്‍ നിന്നോ മറ്റേതെങ്കിലും തരത്തില്‍ മൃഗങ്ങളുമായോ 59കാരന്‍ സമ്പര്‍ക്കത്തിലായതായി കണ്ടെത്താനായിട്ടില്ല. മൂന്ന് ആഴ്ചയോളം കിടപ്പിലായ ശേഷമാണ് ഇയാള്‍ ചികിത്സ തേടിയത്. ഇയാള്‍ക്ക് ടെപ്പ് 2 പ്രമേഹവും വൃക്ക തകരാറും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ മാര്‍ച്ച് മാസത്തില്‍ മെക്‌സിക്കോയിലെ മിച്ചോകാന്‍ സംസ്ഥാനത്ത് ഒരു കുടുംബത്തില്‍ എച്ച്5എന്‍2 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മനുഷ്യരിലേക്ക് പകരില്ലെന്ന നിരീക്ഷണത്തില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഏപ്രിലില്‍ 59കാരന്റെ മരണത്തോടെ മെക്‌സിക്കോ വൈറസ് ബാധയേക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിക്കുകയായിരുന്നു.

മെക്‌സിക്കോയിലെ കോഴിഫാമുകളില്‍ എച്ച്5എന്‍2 വൈറസ് സാന്നിധ്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. എന്നാല്‍ അമേരിക്കയിലെ എച്ച്5എ1 പകര്‍ച്ചയുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവില്‍ മനുഷ്യരിലേക്കുള്ള പക്ഷിപ്പനിയുടെ പകര്‍ച്ചാ സാധ്യതകള്‍ കുറവാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. 59കാരനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

 

 

 

Latest