International
ലോക മുത്തശ്ശി ഇറ്റൂക വിടവാങ്ങി
മരണം 116ാം വയസ്സിൽ • ഇനി ആ സ്ഥാനത്ത് ഇനാ
ടോക്യോ | ഗിന്നസ് ലോക റെക്കോർഡ് പ്രകാരം, ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായികണക്കാക്കുന്ന ജാപ്പനീസ് വനിത ടോമികോ ഇറ്റൂക (116) അന്തരിച്ചു. മധ്യ ജപ്പാനിലെ ഹ്യോഗോ സംസ്ഥാനത്തെ ആഷിയയിൽ ഓൾഡ് ഏജ് കെയർ ഹോമിൽ കഴിഞ്ഞ മാസം 29നായിരുന്നു മരണമെന്ന് രാജ്യത്തെ വയോജന നയ വിഭാഗം മേധാവി യോഷിത്സുഗു നാഗാത സ്ഥിരീകരിച്ചു.
1908 മെയ് 23നാണ് ഇറ്റൂകയുടെ ജനനം. ഒസാകയിൽ ജനിച്ച ഇറ്റൂക ഹൈസ്‌കൂൾ പഠനകാലത്ത് വോളിബോൾ കളിക്കാരനായിരുന്നു. 3,067 മീറ്റർ ഉയരമുള്ള മൗണ്ട് ഒൺടേക്ക് രണ്ട് തവണ കയറിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ഇറ്റൂക ഭർത്താവിന്റെ ടെക്സ്റ്റൈൽ ഫാക്ടറി ഓഫീസ് കൈകാര്യം ചെയ്തു. 1979ൽ ഭർത്താവ് മരിച്ചതിനു ശേഷം നാരയിൽ മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പമായിരുന്നു താമസം.
കഴിഞ്ഞ വർഷം 117ാം വയസ്സിൽ മരിയ ബ്രാന്യാസ് മരിച്ചതോടെയാണ് ഇറ്റൂക ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത്. ആഷിയാസ് മേയറിൽ നിന്ന് പൂക്കളും കേക്കും കാർഡും സ്വീകരിച്ച് കഴിഞ്ഞ വർഷമാണ് അവർ 116ാം പിറന്നാൾ ആഘോഷിച്ചത്.
ഇറ്റൂകയുടെ മരണത്തോടെ, 16 ദിവസം മാത്രം പ്രായവ്യത്യാസമുള്ള ബ്രസീലിയൻ കന്യാസ്ത്രീ ഇനാ കാനബാരോ ലൂകോസാണ് ഇനി ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി.