Connect with us

Ongoing News

മക്കയിലെ ക്ലോക്ക് ടവർ സെന്ററിൽ ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് പ്രവർത്തനം തുടങ്ങി

ഉംറ, ഹജ്ജ് തീർത്ഥാടകർക്ക് വേഗത്തിലും സുഗമമായും തലമുടി നീക്കം ചെയ്യുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലാണ് ബാർബർ ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Published

|

Last Updated

മക്ക | മക്കയിലെ ക്ലോക്ക് ടവർ സെന്ററിൽ തീർത്ഥാടകർക്കായി ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ഹജ്ജ്, ഉംറ കർമങ്ങളുടെ ഭാഗമായി തല മുണ്ഡനം ചെയ്യുന്നതിനായി ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് വിശുദ്ധ ഹറമിൽ എത്തുന്നത്. ഈ വർഷം റെക്കോർഡ് ഉംറ തീർത്ഥാടകരാണ് എത്തിയത്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് വിപണിയായി മക്കയെ മാറ്റിയത്.

തീർത്ഥാടകർക്ക് വേഗത്തിലും സുഗമമായും തലമുടി നീക്കം ചെയ്യുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലാണ് ബാർബർ ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉംറയുടെ നാലാമത്തെ ഫർളായ മുടി നീക്കുന്നതോടെ ഇഹ്‌റാമിൽ നിന്നും ഒഴിവാകുകയും (തഹല്ലുൽ) ഉംറ കർമങ്ങൾ പൂർത്തിയാവുകയും ചെയ്യും.

മസ്ജിദുൽ ഹറമിലെ സേവന നിലവാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സെൻട്രൽ ബാർബർ ഷോപ്പ് സോൺ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. 170 കസേരകളാണ് ബാർബർ ഷോപ്പിലുള്ളത്. ഓരോ സേവനത്തിനും ശരാശരി മൂന്ന് മിനിറ്റ് മാത്രമാണ് സമയം എടുക്കുന്നത്. പ്രതിദിനം 15,000-ത്തിലധികം തീർത്ഥാടകർക്ക് സേവനം നൽകാൻ കഴിയും.

നിലവിൽ നൂറുകണക്കിന് ബാർബർ ഷോപ്പുകൾ വിശുദ്ധ ഹറമിന് സമീപം പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം മൊബൈൽ ബാർബർ ഷോപ്പുകളും പ്രവർത്തനം ആരംഭിച്ചിരുന്നു. തീർഥാടകരുടെ ശ്രദ്ധയാകർഷിക്കുന്ന അപൂർവമായൊരു ദൃശ്യം മക്കയിലെല്ലാതെ ലോകത്ത് മറ്റൊരിടത്തും കാണാനാകില്ലെന്നതാണ് പ്രധാന സവിശേഷത.

ഹറമിന് സമീപത്തെ ബാർബർ ഷോപ്പുകളിലെ ജീവനക്കാരിൽ അധികപേരും ഏഷ്യൻ വംശജരാണ്. പത്ത് ശതമാനത്തിൽ താഴെയാണ് അറബ് വംശജരുള്ളത്. ഹറമിന്റെ കിഴക്ക് ഭാഗത്തും മസ്ജിദുൽ ഹറമിന്റെ പ്രധാന മുറ്റത്തെ ക്ലോക്ക് ടവർ സമുച്ചയത്തിലുമാണ് ഏറ്റവും കൂടുതൽ ബാർബർ ഷോപ്പുകൾ പ്രവർത്തിക്കുന്നത്.

Latest