Uae
ലോകത്തിലെ ഏറ്റവും വലിയ മുഴുസമയ സോളാർ പദ്ധതി തുടങ്ങി
മസ്ദറും എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി (ഇ ഡബ്ല്യു ഇ സി) യും ചേർന്നാണ് സോളാർ പവറും ബാറ്ററി സ്റ്റോറേജും സംയോജിപ്പിക്കുന്ന വൻ പദ്ധതി നടപ്പാക്കുന്നത്

അബുദബി | ലോകത്തിലെ ആദ്യത്തെ “റൗണ്ട് ദി ക്ലോക്ക്’ സൗരോർജ പദ്ധതിക്ക് അബൂദബിയിൽ തുടക്കം.അബൂദബി ഫ്യൂച്ചർ എനർജി (മസ്ദർ) കമ്പനിയുടെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ലോഞ്ചിന് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ സാക്ഷ്യം വഹിച്ചു.
മസ്ദറും എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി (ഇ ഡബ്ല്യു ഇ സി) യും ചേർന്നാണ് സോളാർ പവറും ബാറ്ററി സ്റ്റോറേജും സംയോജിപ്പിക്കുന്ന വൻ പദ്ധതി നടപ്പാക്കുന്നത്. പുനരുപയോഗ ഊർജ വിന്യാസത്തിലെ ആഗോള സ്ഥാനം ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട്, ആഴ്ചയിൽ ഏഴ് ദിവസവും, ദിവസത്തിൽ 24 മണിക്കൂറും പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കുന്നതാണ് സൗകര്യം.
ശുദ്ധമായ ഊർജ പരിവർത്തനത്തിലെ ഒരു സുപ്രധാന കുതിപ്പ് വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും മസ്ദറിന്റെ ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബറും ഇൻവെസ്റ്റ്മെന്റ് മന്ത്രിയും മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുഹമ്മദ് ഹസൻ അൽസുവൈദിയും ചേർന്നാണ് പ്രഖ്യാപിച്ചത്.
പ്രതിദിനം 1 ജിഗാവാട്ട് വരെ ബേസ്ലോഡ് പവർ വിതരണം ചെയ്യും. ഇത് ലോകത്തിലെ ഏറ്റവും വലിയ സോളാർ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബി ഇ എസ് എസ്) ആയിരിക്കും. സോളാർ ഫോട്ടോവോൾട്ടെയ്ക് (പി വി) പ്ലാന്റും 19 ഗിഗാവാട്ട് മണിക്കൂർ ബി ഇ എസ് എസും സംയോജിപ്പിച്ച് ആണ് പ്രവർത്തനം.മസ്ദർ യു എ ഇയിൽ വികസിപ്പിച്ചെടുത്ത പദ്ധതി പതിനായിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.