Connect with us

Ongoing News

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പ്രണോയ് ക്വാര്‍ട്ടറില്‍

മൂന്ന് ഗെയിമുകള്‍ നീണ്ട ഉശിരന്‍ പോരാട്ടത്തില്‍ 21-18, 15-21, 21-19 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം.

Published

|

Last Updated

കോപ്പന്‍ഹേഗന്‍ | ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചെത്തി മലയാളി താരം എച്ച് എസ് പ്രണോയ്. പ്രീ ക്വാര്‍ട്ടറില്‍ സിംഗപ്പൂരിന്റെ മുന്‍ ലോക ചാമ്പ്യന്‍ ലോ കീന്‍ യൂവിനെയാണ് പ്രണോയ് അട്ടിമറിച്ചത്. മൂന്ന് ഗെയിമുകള്‍ നീണ്ട ഉശിരന്‍ പോരാട്ടത്തില്‍ 21-18, 15-21, 21-19 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം. അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സ്വാതിക് സായ്രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എഡിഷനിലെ വെങ്കലം നേടിയ സഖ്യം ഇന്തോനേഷ്യയുടെ ലിയോ റോളി കര്‍ണാണ്ടോ- ഡാനിയല്‍ മാര്‍ട്ടിന്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് മെഡല്‍ പ്രതീക്ഷ സജീവമാക്കിയത്.

ഒരു മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ 21-15, 19-21, 21-9 എന്ന സ്‌കോറിനായിരുന്നു വിജയം. ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ കിം അസ്ട്രപ്പ്- ആന്‍ഡേഴ്‌സ് സ്‌കാര്‍അപ് റാസ്മുസെന്‍ സഖ്യത്തെ നേരിടും.

വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ചെന്‍ ക്വിംഗ് ചെന്‍- ജിയാ യി ഫാന്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 14-21, 9-21. ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് തവണ കിരീടം ചൂടിയ ചൈനീസ് താരങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ജോഡികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.