Connect with us

Articles

ലോക കാന്‍സര്‍ ദിനം; അര്‍ബുദ പരിചരണ ലഭ്യതയിലെ വിടവില്ലാതാക്കുക

അര്‍ബുദം ഇപ്പോള്‍ ലോകത്തിലെ മരണനിരക്കിന്റെ രണ്ടാമത്തെ പ്രധാന കാരണമായി മാറിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍.

Published

|

Last Updated

ലോകമെമ്പാടും ഫെബ്രുവരി നാലിനാണ് ലോക കാന്‍സര്‍ ദിനം ആചരിക്കുന്നത്. കാന്‍സര്‍ എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട മുന്‍വിധികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. അര്‍ബുദം ഇപ്പോള്‍ ലോകത്തിലെ മരണനിരക്കിന്റെ രണ്ടാമത്തെ പ്രധാന കാരണമായി മാറിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍. ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് കാന്‍സര്‍ രോഗത്തിന്റെ തുടക്കം. അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം എന്നിവ മൂലം രോഗികളായവര്‍ നിരവധിയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ഒരു പരിധി വരെ കാന്‍സറിനെ ചെറുക്കാന്‍ കഴിയും.

യൂണിയന്‍ ഓഫ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ ലോക കാന്‍സര്‍ ദിനം ആഗോള ഏകീകരണ സംരംഭമായി പ്രഖ്യാപിച്ചു. രോഗവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറയ്ക്കുക, അതോടൊപ്പം രോഗികളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുക എന്നിവയാണ് ലോക കാന്‍സര്‍ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. 2000 ഫെബ്രുവരി 4ന് ഫ്രാന്‍സിലെ പാരീസിലുള്ള ന്യൂ മില്ലേനിയത്തില്‍ നടന്ന ലോക കാന്‍സര്‍ കോണ്‍ഫറന്‍സിലാണ് ഈ ദിനാചരണം നടത്താന്‍ തീരുമാനിച്ചത്. അതേ ദിവസം തന്നെയാണ് യുനെസ്‌കോയുടെ അന്നത്തെ ജനറല്‍ ഡയറക്ടര്‍ കൊയ്ചിറോ മത്സുറയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക്വസ് ചിറാക്കും അര്‍ബുദത്തിനെതിരായ ചാര്‍ട്ടര്‍ ഓഫ് പാരീസില്‍ ഒപ്പുവച്ചത്. അന്നുമുതല്‍ എല്ലാ വര്‍ഷവും വ്യത്യസ്തമായ തീമിലാണ് കാന്‍സര്‍ ദിനം ആചരിക്കുന്നത്.

2022-2024 കാന്‍സര്‍ ദിനത്തിന്റെ തീം ‘ക്ലോസ് ദി കെയര്‍ ഗ്യാപ്പ്’ എന്നതാണ്. കാന്‍സര്‍ പരിചരണ ലഭ്യതയിലെ വിടവില്ലാതാക്കുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗൗരവതരമായ സാഹചര്യങ്ങളെ പരിഗണിച്ചാണ് ഈ അര്‍ത്ഥപൂര്‍ണ്ണമായ ആപ്തവാക്യം സ്വീകരിച്ചിരിക്കുന്നത്.
അനവധി പ്രതിസന്ധികളാണ് അസുഖബാധിതരായ ഓരോ വ്യക്തിയും അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യേണ്ടി വരുന്നത്. അതില്‍ വരുമാനം, വിദ്യാഭ്യാസം, ഭൂമിശാസ്ത്രപരമായ അസമത്വങ്ങള്‍, ജാതി-മതസംബന്ധമായ അതിര്‍വരമ്പുകള്‍, ലിംഗഭേദം, പ്രായം, അവശത തുടങ്ങിയ എണ്ണിയാല്‍ തീരാത്തത്രയും കാര്യങ്ങള്‍ ഉണ്ടാകും. ആളുകളെ വേര്‍തിരിച്ച് കാണാതെ മികച്ച പരിചരണം നല്‍കുകയെന്നതാണ് പോംവഴി.

ഒരുദിവസം മാത്രം ഒതുങ്ങി നില്‍ക്കാതെ ഒന്നിലധികം വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു കാമ്പെയ്നായാണ് ലോക കാന്‍സര്‍ ദിനാചരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കാന്‍സറിനെക്കുറിച്ച് അവബോധം വളര്‍ത്താനും ആളുകളില്‍ സ്വാധീനം ചെലുത്താനുമുള്ള അവസരമാണ് ഇത് വഴി ലക്ഷ്യം വെക്കുന്നത്. ‘അയാം ആന്റ് ഐ വില്‍’ എന്ന ആപ്തവാക്യവുമായാണ് 2020ല്‍ ലോക കാന്‍സര്‍ ദിനം ആചരിച്ചത്. 2017ല്‍ ‘എനിക്കും കഴിയും, നമുക്ക് കഴിയും’ എന്നതായിരുന്നു ലോക അര്‍ബുദ ദിന ആപ്തവാക്യം.

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest