Ongoing News
കാള്‍സണെ വീണ്ടും സമനിലയില്‍ തളച്ച് പ്രഗ്‌നാനന്ദ; ടൈബ്രേക്കര്‍ വിജയിയെ നിര്‍ണയിക്കും
ലോക ചാമ്പ്യനെ നിര്‍ണയിക്കാനുള്ള ടൈബ്രേക്കര്‍ നാളെ.
ബകു (അസര്‍ബെയ്ജാന്‍) | ഫിഡെ ചെസ്സ് ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമിലും സമനില. ഇന്ത്യയുടെ അഭിമാന താരമായ രമേഷ് പ്രഗ്‌നാനന്ദയും ലോക ഒന്നാം നമ്പര്‍ നോര്‍വീജിയയുടെ മാഗ്നസ് കാള്‍സണും തമ്മിലുള്ള മത്സരമാണ് സമനിലയില്‍ കലാശിച്ചത്. ലോക ചാമ്പ്യനെ നിര്‍ണയിക്കാനുള്ള ടൈ ബ്രേക്കര്‍ നാളെ നടക്കും.
ഒരു മണിക്കൂറിലധികം മാത്രം നീണ്ട കരുനീക്കങ്ങളാണ് തുല്യനിലയില്‍ അവസാനിച്ചത്. സമനില സമ്മതിക്കും മുമ്പ് 30 വീതം നീക്കങ്ങളാണ് ഇരുവരും നടത്തിയത്.
ഒന്നാമത്തതിലേതു പോലെ രണ്ടാം ഗെയിമിലും തുടക്കത്തില്‍ പ്രഗ്‌നാനന്ദയായിരുന്നു മുന്നില്‍. വെള്ള കരുക്കളുമായി കളിച്ച താരത്തിന് പക്ഷെ മുന്‍തൂക്കം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അവസാന ഘട്ടത്തില്‍ സമയപാലനത്തില്‍ വന്ന പിഴവ് വിനയാവുകയും ചെയ്തു.
ഫൈനലില്‍ ഇന്നലെ നടന്ന ആദ്യ ഗെയിമും സമനിലയിലായിരുന്നു. 35 നീക്കങ്ങള്‍ക്കൊടുവിലായിരുന്നു മത്സരം ഫലമില്ലാതെ സമാപിച്ചത്.
ഇതിഹാസ താരങ്ങളായ ബോബി ഫിഷറിനും മാഗ്നസ് കാള്‍സണും ശേഷം ലോകകപ്പിലെ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.