National
ലോകകപ്പ് ഫൈനല്‍; മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് നാളെ രാത്രി 10.30ന് പുറപ്പെടുന്ന 01153 സി എസ് എം ടി-അഹമ്മദാബാദ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് പിറ്റേന്ന് രാവിലെ 6.40ന് അഹമ്മദാബാദില്‍ എത്തും.
ന്യൂഡല്‍ഹി | 2023 ക്രിക്കറ്റ് ലോകകപ്പിലെ അന്തിമ പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തി സെന്‍ട്രല്‍ റെയില്‍വേ. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കാണ് സര്‍വീസ് പ്രഖ്യാപിച്ചത്. ഇത് നവംബര്‍ 19ന് ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ആസ്‌ത്രേലിയ കലാശക്കളി വീക്ഷിക്കുന്നതിനായി അഹമ്മദാബാദില്‍ എത്തിച്ചേരാന്‍ നിരവധി ക്രിക്കറ്റ് പ്രേമികള്‍ക്ക് സഹായകമാകും.
1,30,000 സീറ്റുകളാണ് ഫൈനല്‍ അരങ്ങേറുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഹമ്മദാബാദിലേക്ക് ക്രിക്കറ്റ് ആരാധകരുടെ ഒഴുക്ക് ഉണ്ടാകുമെന്നത് മുന്‍നിര്‍ത്തി വിമാന ടിക്കറ്റ് ചാര്‍ജും ഹോട്ടല്‍ മുറികളുടെ വാടകയും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് (സി എസ് എം ടി) ല്‍ നിന്ന് നാളെ രാത്രി 10.30ന് പുറപ്പെടുന്ന 01153 സി എസ് എം ടി-അഹമ്മദാബാദ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് പിറ്റേന്ന് രാവിലെ 6.40ന് അഹമ്മദാബാദില്‍ എത്തിച്ചേരുമെന്ന് റെയില്‍വേ അറിയിച്ചു. മടക്കത്തില്‍ 01154ാം നമ്പര്‍ അഹമ്മദാബാദ്-സി എസ് എം ടി സ്‌പെഷ്യല്‍ എക്‌സ്പ്രസ് 20ന് തിങ്കളാഴ്ച പുലര്‍ച്ചെ 1.45ന് പുറപ്പെട്ട് അതേ ദിവസം രാവിലെ 10.35ന് അഹമ്മദാബാദില്‍ എത്തും.
അഹമ്മദാബാദിലേക്കുള്ള യാത്രക്കിടെ ദാദര്‍, താനെ, വസായി റോഡ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകുമെന്ന് റെയില്‍വേ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഒരു എ സി ഫസ്റ്റ് ക്ലാസ്, മൂന്ന് എ സി 2 ടയര്‍, 11 എ സി 3 ടയര്‍ കോച്ചുകള്‍ ട്രെയിനിലുണ്ടാകുമെന്നും റെയില്‍വേ വ്യക്തമാക്കി.