Connect with us

Uae

ആരോഗ്യമേഖലയുടെ ഭാവി മുന്നൊരുക്കത്തിന് ആഹ്വാനം ചെയ്ത് ലോക ഗവണ്മെന്റ് ഉച്ചകോടി

യുഎഇ ആരോഗ്യമേഖലയിലെ പൊതു-സ്വകാര്യ പങ്കാളിത്ത വിജയം ആഗോള മാതൃക : ഡോ. ഷംഷീര്‍ വയലില്‍

Published

|

Last Updated

ദുബൈ | പൗരക്ഷേമത്തിനായുള്ള ആരോഗ്യമേഖലയുടെ ഭാവിയ്ക്കായി പൊതു – സ്വകാര്യമേഖലകളുടെ പങ്കാളിത്ത മാതൃകയില്‍ ഊന്നി ലോക ഗവര്‍ണ്മെന്റ് ഉച്ചകോടി. നൂതന രീതികള്‍ പ്രാവര്‍ത്തികമാക്കല്‍, സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയ്‌ക്കൊപ്പം സ്വയം മുന്നിട്ടിറങ്ങുന്ന സ്വകാര്യ മേഖകൂടി ആരോഗ്യരംഗത്തിന്റെ ഭാവി മുന്നൊരുക്കത്തില്‍ നിര്‍ണായകമാണെന്ന് ഉച്ചകോടിയിലെ ആരോഗ്യഫോറം വിലയിരുത്തി.

നവലോകത്തില്‍ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സാങ്കേതിക വിദ്യയുടെ പങ്ക് പ്രധാനമാണെന്ന് ഫോറത്തെ അഭിസംബോധന ചെയ്ത് യുഎഇ ആരോഗ്യമന്ത്രി അബ്ദുള്‍റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞു. ജിനോമിക് മെഡിസിന്‍, റോബോട്ടിക് സാങ്കേതിക വിദ്യ എന്നിവയൊക്കെ പുതിയ കാലത്തെ ആരോഗ്യമേഖലയുടെ ഭാഗമാണ്. മഹാമാരിക്കാലത്ത് പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിനായി യുഎഇ ഭരണാധികാരികള്‍ നടത്തിയ ഇടപെടലുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യരംഗത്തെ ശേഷി-വര്‍ദ്ധിപ്പിക്കുന്നതിനും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യമേഖലയുടെ പ്രാധാന്യം യുഎഇ ദീര്‍ഘകാലമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഫോറത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു. കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കും.

ആരോഗ്യ പദ്ധതികളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ഉല്‍പ്പാദനം സ്വകാര്യമേഖലയ്ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കും. കാര്യക്ഷമമായ ചെലവും ഇത് പ്രദാനം ചെയ്യും. നവീകരണവും സാങ്കേതിക വിദ്യയുടെ ഉപയോഗവും ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്.
മെഡിക്കല്‍ വിദ്യാഭ്യാസത്തിലും നൈപുണ്യ പരിശീലനത്തിലും ഗവേഷണത്തിലും നിക്ഷേപം നടത്തുകയാണ് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് പുതുതായി ആരംഭിക്കാനിരിക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതി യുഎഇ ആരോഗ്യമേഖലയില്‍ ജോലികളും രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണവും ലഭ്യമാക്കും. മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം, രോഗി പരിചരണം എന്നിവ ഏകോപിപ്പിച്ചുകൊണ്ടാണ് മുന്നോട്ടുപോവുകയെന്നും ഡോ. ഷംഷീര്‍ വ്യക്തമാക്കി.

ഡോ. നദീന്‍ ഹഷ്ഹാഷ് (സിഇഒ, പ്രോക്‌സിമി), പ്രൊഫ. ദരീക് ഒ കീഫി (പ്രൊഫ. മെഡിക്കല്‍ ഡിവൈസ് ടെക്‌നോളക്ജി, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അയര്‍ലന്‍ഡ് ഗേറ്റ്വെ), ഡോ. കെയ്റ്റ്‌ലിന്‍ സാഡ്റ്റ്ലര്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, യുഎസ്), ഡോ. ഡാനിയേല്‍ ക്രാഫ്റ്റ് (ഫൗണ്ടര്‍ ആന്‍ഡ് ചെയര്‍, എക്‌സ്പോണന്‍ഷ്യല്‍ മെഡിസിന്‍) എന്നിവര്‍ ഫോറത്തില്‍ സംവദിച്ചു.

 

Latest