International
ലോക ഗവണ്‍മെന്റ് ഉച്ചകോടി; നേതാക്കളെ സ്വാഗതം ചെയ്ത് യു എ ഇ ഭരണാധികാരികള്‍
ത്രിദിന പരിപാടിയില്‍ 25-ലധികം രാഷ്ട്രത്തലവന്മാര്‍, 120 ഗവണ്‍മെന്റ് പ്രതിനിധികള്‍, 85-ലധികം അന്താരാഷ്ട്ര സംഘടനകള്‍ പങ്കെടുക്കും.
ദുബൈ | ‘ഭാവി സര്‍ക്കാരുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിലുള്ള ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യു എ ഇയില്‍ എത്തിയ അതിഥികളെ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സ്വീകരിച്ചു.
ത്രിദിന പരിപാടിയില്‍ 25-ലധികം രാഷ്ട്രത്തലവന്മാര്‍, 120 ഗവണ്‍മെന്റ് പ്രതിനിധികള്‍, 85-ലധികം അന്താരാഷ്ട്ര സംഘടനകള്‍ പങ്കെടുക്കും. ചിന്തകരും വിദഗ്ധരും ഉള്‍പ്പെടെ 4,000 ത്തിലധികം പേരുടെ പങ്കാളിത്തത്തോടെയാണ് ഈ വര്‍ഷത്തെ ഉച്ചകോടി.
സംയുക്ത പരിശ്രമത്തിലൂടെയും ഏകീകൃത ദര്‍ശനങ്ങളോടുള്ള കൂട്ടായ പ്രതിബദ്ധതയിലൂടെയും മാത്രമേ നിലവിലെ വെല്ലുവിളികളെ നേരിടാന്‍ കഴിയൂ എന്ന വിശ്വാസത്തില്‍ ലോക ഗവണ്‍മെന്റുകള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ യു എ ഇ തുടരുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു.
ഉച്ചകോടി 11 വര്‍ഷത്തെ കാലയളവില്‍, പ്രചോദനാത്മകമായ ആശയങ്ങള്‍ സൃഷ്ടിക്കുകയും വിജയഗാഥകള്‍ ആഘോഷിക്കുകയും ചെയ്യുന്ന ഒരു അതുല്യമായ ആഗോള ഫോറമായി മാറിയെന്ന് യു എ ഇ വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
യഥാര്‍ഥ സര്‍ക്കാരുകള്‍ക്ക് ജനങ്ങളുടെ അഭിലാഷങ്ങളെ സുസ്ഥിരമായ യാഥാര്‍ഥ്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് യു എ ഇ വിശ്വസിക്കുന്നു. സര്‍ക്കാര്‍ ജോലികള്‍ക്ക് സ്തംഭനവും കാലതാമസവും ബാധിക്കുമ്പോള്‍, അത് വികസനത്തിന്റെയും നാഗരികതയുടെ തന്നെയും അവസാനത്തിന്റെ അടയാളങ്ങളാണ്. മാറ്റത്തിന് നേതൃത്വം നല്‍കുകയും നടപ്പിലാക്കുകയും ചെയ്യുക എന്ന തങ്ങളുടെ ദൗത്യം നിറവേറ്റുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുമ്പോള്‍ അവര്‍ വര്‍ത്തമാനത്തിലും ഭാവിയിലും തങ്ങളുടെ അവകാശം ഉപേക്ഷിക്കുന്നു. വെല്ലുവിളികളെ ഒരുമിച്ച്, അഭിമുഖീകരിക്കുന്നതിനും എല്ലാവര്‍ക്കും ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിനും കൂട്ടായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പറഞ്ഞു.
സര്‍ക്കാര്‍ ജോലി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ ആരോഗ്യം, വിദ്യാഭ്യാസം വരെയുള്ള പ്രധാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആറ് പ്രധാന ആശയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഉച്ചകോടി, ലോകത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ക്കായി നിരവധി ആഗോള അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഖത്വര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി വിശിഷ്ടാതിഥികളായി പങ്കെടുക്കും.