അബുദബി | ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ലോക നേതാക്കൾ അനുശോചിച്ചു. ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ യു എ ഇയിലെ യുഎൻ ഓഫീസുകൾ അനുശോചനം രേഖപ്പെടുത്തി. തന്റെ ജനങ്ങളുടെയും ജന്മനാടിന്റെയും അറബ്-ഇസ്ലാമിക രാഷ്ട്രത്തിന്റെയും സേവനത്തിൽ സമർപ്പണം നിറഞ്ഞ ജീവിതത്തിന് ശേഷമാണ് ശൈഖ് ഖലീഫ വിടവാങ്ങിയതെന്ന് ജിസിസി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്‌റഫ് യു എ ഇ ഭരണാധികാരികൾക്കും ജനങ്ങൾക്കും അയച്ച സന്ദേശത്തിൽ പറഞ്ഞു. ശൈഖ് ഖലീഫയുടെ മരണത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി ബഹ്‌റൈൻ റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
എച്ച്എച്ച് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗവാർത്തയറിഞ്ഞതിൽ അങ്ങേയറ്റം ദുഃഖിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമ മോദി ട്വീറ്റ് ചെയ്തു. മഹാനായ രാഷ്ട്രതന്ത്രജ്ഞനും നേതാവുമായിരുന്ന അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ-യു.എ.ഇ ബന്ധം അഭിവൃദ്ധി പ്രാപിച്ചതായും മോദി അനുസ്മരിച്ചു.
ശൈഖ് ഖലീഫയെ പരിഷ്കർത്താവ് എന്ന് വിശേഷിപ്പിച്ച കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വളർത്തിയതിന് ശൈഖ് ഖലീഫയെ പ്രശംസിക്കുകയും ചെയ്തു. ശക്തനും ദീർഘവീക്ഷണമുള്ളതുമായ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ , അദ്ദേഹം യു എ ഇ യെ സമൃദ്ധിയുടെ മരുപ്പച്ചയാക്കി, പരിഷ്കാരങ്ങളിലൂടെ നയിച്ചു. ആഴത്തിലുള്ള ഇന്ത്യ-യു എ ഇ ബന്ധം വളർത്തിയെടുക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ പറഞ്ഞറിയിക്കാനാവില്ല ഗോയൽ ട്വീറ്റ് ചെയ്തു.
ബഹ്റൈൻ രാജാവ് ഹമദ്, ഖത്തർ അമീർ ശൈഖ് തമീം എന്നിവർ അനുശോചിച്ചു. ശൈഖ് ഖലീഫയുടെ മരണത്തിൽ ഒമാനും അനുശോചനം രേഖപ്പെടുത്തി. ഖലീഫയുടെ വിയോഗത്തിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി അതീവ ദുഃഖം രേഖപ്പെടുത്തി. ഇസ്ലാമിക രാഷ്ട്രങ്ങളെ സേവിക്കുന്നതിനായി ജീവിതം സമർപ്പിച്ച പ്രിയപ്പെട്ട ഒരു സഹോദരനെയും മികച്ച നേതാവിനെയുമാണ് ഞങ്ങൾക്ക് നഷ്ടമായത് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ്, പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി എന്നിവരും അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ച വരെ മൂന്ന് ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിക്കെട്ടിക്കൊണ്ട് ലെബനൻ കാബിനറ്റ് ഖലീഫയുടെ നിര്യാണത്തിൽ രാജ്യവ്യാപക ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ തുർക്കി പ്രസിഡന്റ് എർദോഗൻ ആദരാഞ്ജലികൾ അർപ്പിക്കാൻ യുഎഇ സന്ദർശിക്കുമെന്ന് അറിയിച്ചു.
സുഡാൻ സൈനിക മേധാവി ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാൻ അനുശോചനം രേഖപ്പെടുത്തി. ഖലീഫയുടെ നിര്യാണത്തിൽ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അനുശോചനം രേഖപ്പെടുത്തി. യുഎഇക്കും അവിടുത്തെ ജനങ്ങൾക്കും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ പാകിസ്ഥാൻ അനുശോചനം അറിയിച്ചു. ഖലീഫ പാകിസ്ഥാന്റെ അഭ്യുദയകാംക്ഷിയും ആത്മാർത്ഥ സുഹൃത്തുമായിരുന്നു. ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗം യുഎഇക്ക് പുറമെ ലോകത്തിനും വലിയ നഷ്ടമാണ് സിയറ ലിയോണിന്റെ പ്രസിഡന്റ് ജൂലിയസ് മാഡ അനുശോചന സന്ദേശത്തിൽ പറഞ്ഞു.