International
ഗസ്സ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ലോക രാജ്യങ്ങൾ
കരാറിനെ പിന്തുണയ്ക്കാനും കഷ്ടപ്പെടുന്ന ഫലസ്തീനികൾക്ക് സുസ്ഥിരമായ മാനുഷിക സഹായം എത്തിക്കാനും യുഎൻ തയ്യാറാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്
ഗസ്സ | ഗസ്സയിൽ 15 മാസം നീണ്ട നരഹത്യക്ക് വിരാമമിടുന്ന ഇസ്റാഈൽ – ഹമാസ് വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ലോക രാജ്യങ്ങൾ. കരാറിനെ പിന്തുണയ്ക്കാനും കഷ്ടപ്പെടുന്ന ഫലസ്തീനികൾക്ക് സുസ്ഥിരമായ മാനുഷിക സഹായം എത്തിക്കാനും യുഎൻ തയ്യാറാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കരാർ ഇസ്റാഈൽ തടവുകാരുടെയും ഫലസ്തീൻ തടവുകാരുടെയും മോചനത്തിനും ഗസ്സയിലേക്കുള്ള മാനുഷിക സഹായത്തിന്റെ വർദ്ധനവിനും വഴിയൊരുക്കുമെന്ന് വെടിനർത്തൽ ചർച്ചകളിൽ മധ്യസ്ഥ വഹിച്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കരാർ പ്രാബല്യത്തിൽ വരുന്ന ജനുവരി 19 വരെ ഗസ്സയിൽ ശാന്തത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സയിലെ പോരാട്ടം അവസാനിക്കുമെന്നും താമസിയാതെ ബന്ദികൾ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങുമെമന്നുമായിരുന്നു യുഎസ് പ്രസിഡൻ്റ് ജോ ബൈഡന്റെ പ്രതികരണം. മധ്യേഷ്യയിലെ ബന്ദികൾക്കായി ഒരു കരാറുണ്ടെന്നും അവരെ ഉടൻ മോചിപ്പിക്കുമെന്നും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ എഴുതി.
മാസങ്ങൾ നീണ്ട വിനാശകരമായ രക്തച്ചൊരിച്ചിലിനും എണ്ണമറ്റ ജീവത്യാഗങ്ങൾക്കും ശേഷം, ഇസ്റാഈൽ, ഫലസ്തീൻ ജനത തീവ്രമായി കാത്തിരുന്ന വാർത്തയാണി ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒരു ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയ്‌ക്കെതിരായ ഇസ്റാഈൽ ആക്രമണം അവസാനിപ്പിക്കാനും ഇസ്റാഈലി സൈന്യത്തെ സ്ട്രിപ്പിൽ നിന്നും എല്ലാ ഫലസ്തീൻ, അറബ് രാജ്യങ്ങളിൽ നിന്നും പൂർണ്ണമായി പിൻവലിക്കാനും പ്രതിജ്ഞാബദ്ധത പാലിക്കണമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഫലസ്തീൻ തടവുകാരുടെയും ഇസ്റാഈലി ബന്ദികളുടേയും കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇസ്റാഈലും ഹമാസും പാലിക്കണമെന്നു യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പറഞ്ഞു.
ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽസിസി കരാറിനെ സ്വാഗതം ചെയ്യുകയും ഗാസയിലേക്ക് മാനുഷിക സഹായം വേഗത്തിൽ എത്തിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
വെടിനിർത്തൽ കരാർ പ്രാദേശിക സ്ഥിരതയ്ക്കുള്ള ഒരു പ്രധാന ചുവടുവയ്പാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ അങ്കാറയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇസ്റാഈൽ-ഫലസ്തീൻ സംഘർഷത്തിന് ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള തുർക്കിയുടെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ, പാകിസ്ഥാൻ, യെമൻ, ദക്ഷിണാഫ്രിക്ക, യൂറോപ്യൻ കമ്മീഷൻ, ബെൽജിയം, ജർമ്മനി,സ്പെയിൻ, നോർവേ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയും വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്തു.
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയാണ് ബുധനാഴ്ച ദോഹയിൽ വെച്ച് ഈ കരാർ പ്രഖ്യാപിച്ചത്. ജനുവരി 19 ഞായറാഴ്ച വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച്, 2023 ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ കുറഞ്ഞത് 46,707 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.